യു എസ് ചാറ്റ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകനും: ഹൂതികൾക്കെതിരായ ആക്രമണ പദ്ധതികൾ ചോർന്നു; ഗുരുതര വീഴ്ച

വാഷിംഗ്ടൺ: യെമനിലെ ഹൂതികളെ ആക്രമിക്കാൻ അമേരിക്ക നടത്തിയ മിലിറ്ററി നീക്കങ്ങൾ മാധ്യമപ്രവർത്തകന് ചോർന്ന് കിട്ടിയതായി റിപ്പോർട്ട്. 'ദ അറ്റ്ലാന്റിക് ' എന്ന മാധ്യമത്തിന്റെ എഡിറ്റർ ഇൻ ചീഫിനാണ് ഇറാനെ പിന്തുണക്കുന്ന ഹൂതികൾക്കെതിരായ ആക്രമണത്തെ സംബന്ധിച്ച വാർത്ത ചോർന്ന് കിട്ടിയത്.
അമേരിക്കൻ ഭരണകൂടത്തിലെ ഉന്നതവൃത്തങ്ങൾ ആശയ വിനിമയം നടത്തുന്ന സിഗ്നൽ എന്ന പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിവരങ്ങളാണ് ദ അറ്റ്ലാന്റിക്ക് ലെ മാധ്യമപ്രവർത്തകൻ ജെഫ്രി ഗോൾഡ്ബെർഗിന് ലഭിച്ചത്. യുഎസ് മിലിറ്ററി ഓപ്പറേഷന്റെ നിർണായക വിവരങ്ങളാണ് ജെഫ്രിക്ക് ലഭിച്ചത്.
അമേരിക്ക ഹൂതികളെ ആക്രമിക്കുന്നതിന് തൊട്ടുമുന്നെയാണ് ജെഫ്രിയെ സിഗ്നൽ ചാറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതെന്ന് അമേരിക്കൻ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് വിശദീകരിക്കുന്നു.
യുഎസ് ഉപരാഷ്ട്രപതി ജെ ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് മെെക് വാൾട്സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങി, ട്രംപ് ഭരണകൂടത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ ഗ്രൂപ്പിലേക്കാണ് ജെഫ്രിയെ ചേർത്തത്.ഇതാണ് ട്രംപ് ഭരണകൂടത്തെ വെട്ടിലാക്കിയിരിക്കുന്നത്. 3500 വാക്കുള്ള ലേഖനത്തിലൂടെ ജെഫ്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു
അതേസമയം, സംഭവത്തെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഡെമോക്രാറ്റുകൾ രംഗത്തെത്തി. ഇത് ദേശീയ സുരക്ഷയുടെ ലംഘനമാണെന്നും നിയമവിരുദ്ധ പ്രവർത്തി സംബന്ധിച്ച് കോൺഗ്രസ് ശക്തമായ അന്വേഷണം നടത്തണമന്നും ഡെമോക്രാറ്റുകൾ ആവശ്യമുന്നയിച്ചു.
'ഹൂതി പി സി സ്മോൾ ഗ്രീപ്പ്' എന്ന തികച്ചും, സ്വകാര്യമായ ഗ്രൂപ്പിലേക്ക് അപ്രതീക്ഷിതമായി മാർച്ച് 13ന് തന്നെ ക്ഷണിക്കുകയായിരുന്നു. തിങ്കളാഴ്ച ജെഫ്രി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
സുരക്ഷ ഉപദേഷ്ടാവായ മെെക്കൾ വാൾട്സ് തന്റെ ഡെപ്യൂട്ടിയായ അലക്സ് വോംഗിനോട് ഹൂതികളെ ആക്രമിക്കാൻ ടെെഗർ ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും ഉത്തരവാദിത്തം ഏൽപ്പിക്കുന്നുവെന്നത് അടക്കമുള്ള വിവരങ്ങളാണ് മാധ്യമപ്രവർത്തകന് ചോർന്നുകിട്ടിയത്. പ്രശ്നം യുഎസ് സർക്കാരിനെ ഗുരുതര പ്രതിസന്ധിയിലാണെത്തിച്ചിരിക്കുന്നത്. ഡെമോക്രാറ്റുകളും ശക്തമായ വിമർശനമാണ് വിഷയത്തിൽ ഉന്നയിക്കുന്നത്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിഷയത്തിൽ കെെമലർത്തുകയായിരുന്നു. തനിക്ക് ഇതിനെ കുറിച്ചറിയില്ലെന്നും ദ അറ്റ്ലാന്റികിന്റെ ആരാധകനല്ല താനെന്നും ട്രംപ് പറഞ്ഞു








0 comments