യെമനിൽ അമേരിക്ക ആക്രമണം തുടരുന്നു

Trump

Trump

വെബ് ഡെസ്ക്

Published on Mar 19, 2025, 06:39 PM | 1 min read

മനാമ: യെമനിൽ അമേരിക്കയുടെ ശക്തമായ ബോംബാക്രമണം തുടരുന്നു. ചെങ്കടൽ തുറമുഖ നഗരമായ ഹൊദയ്ദയിലും സദ പ്രവിശ്യയിലുമായി പത്ത് കേന്ദ്രങ്ങൾക്ക് നേരെ ചൊവ്വാഴ്ച രാത്രി ബോംബാക്രമണമുണ്ടായതായി അൽ മാസിറ ടിവി റിപ്പോർട്ട് ചെയ്തു. അമേരിക്കൻ വ്യോമാക്രമണത്തിന് തിരിച്ചടിയായി ചെങ്കടലിൽ അമേരിക്കൻ കപ്പൽപ്പടക്കുനേരെ ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് അമേരിക്കൻ വിമാനവാഹിനി ഹാരി എസ് ട്രൂമാനെയും അകമ്പടി കപ്പലുകളുമെയാണ് ആക്രമിച്ചത്. 72 മണിക്കൂറിനുള്ളിൽ നാലാമത്തെ ആക്രമണമാണിത്. ഇസ്രയേൽ വിമാനത്താവളത്തിനെതിരെ മിസൈൽ ആക്രമണം നടത്തിയതായും ഹൂതി സൈനിക വക്താവ് യഹിയ സാരി അറിയിച്ചു.


ചൊവ്വ രാത്രി അമേരിക്കൻ ആക്രമണമുണ്ടായ സഅദയിലെ അൽസഫ്ര ജില്ല ആയുധ സംഭരണവും പരിശീലന കേന്ദ്രങ്ങളും ഉൾക്കൊള്ളുന്ന ഹൂതികളുടെ സൈനിക ശക്തികേന്ദ്രമാണ്. ഹൂതി നേതാക്കളുടെ ഒളിത്താവളങ്ങളും ഇവിടെയാണെന്നാണ് അമേരിക്കൻ കണക്ക് കൂട്ടൽ. ആക്രമണം തുടരുന്നതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.ചൊവ്വാഴ്ച രാത്രിയാണ് ഇസ്രയേൽ വ്യോമതാവളം ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ തൊടുത്തത്. ഇതേതുടർന്ന് ബീർഷെബയിലും നെഗേവ് മരുഭൂമിയുടെ ചില ഭാഗങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.


പരിഭ്രാന്തരായ പ്രദേശവാസികൾ ഷെൽട്ടറുകളിൽ അഭയം തേടി. മിസൈൽ തടഞ്ഞതായി ഇസ്രയേൽ സേന അവകാശപ്പെട്ടു.ഗാസയ്‌ക്കെതിരെ ആക്രമണം പുനരാരംഭിച്ച ഇസ്രയേൽ നടപടിയെ അപലപിച്ച ഹൂതികൾ, അധിനിവേശ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വരും മണിക്കൂറുകളിലും ദിവസങ്ങളിലും ഇസ്രായേലിനെതിരെ ആക്രമണം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

അമേരിക്കൻ കപ്പൽപടക്കുനേരെ നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും യുഎസ് ആക്രമണത്തെ പരാജയപ്പെടുത്തിയതായും ഹൂതി വക്താവ് പറഞ്ഞു.


ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് കപ്പൽപടയെ ലക്ഷ്യമിട്ട് ആദ്യ ആക്രമണങ്ങൾ നടത്തിയത്. അതേസമയം, ഞായാറാഴ്ച ഹാരിസ് എസ് ട്രൂമാൻ കപ്പൽ സംഘത്തിന് നേരെയുണ്ടായ ആക്രമണം അമേരിക്ക പിന്നീട് സ്ഥിരീകരിച്ചു. എല്ലാ ഹൂതി മിസൈലുകളും ഡ്രോണുകളും ലക്ഷ്യത്തിലെത്തും മുൻപ് വെടിവെച്ചിട്ടതായാണ് അവകാശവാദം.  ഗാസയിൽ സഹായവിതരണം തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ഇസ്രയേൽ കപ്പലുകൾക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തിയതായി മാർച്ച് 12ന് ഹൂതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്ക യെമനുനേരെ വ്യോമാക്രമണം ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home