സ്വവർ​ഗാനുരാ​ഗിയെന്ന് തുറന്നു പറഞ്ഞ ലോകത്തിലെ ആ​ദ്യ ഇമാം വെടിവെപ്പിൽ കൊല്ലപ്പെട്ടു

imammuhsin
വെബ് ഡെസ്ക്

Published on Feb 16, 2025, 01:47 PM | 1 min read

കേപ്പ്ടൗണ്‍: ഇമാമും ഇസ്ലാമിക പണ്ഡിതനും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഖെബേഹ (Gqeberha) വച്ചായിരുന്നു മുഹ്സിന് വെടിയേറ്റത്.


ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ്. കാറിന്റെ പിറകിലെ സീറ്റില്‍ ഇരുന്നിരുന്ന ഇയാളെ ലക്ഷ്യമാക്കി മുഖം മറച്ച രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ലോകത്ത് ആദ്യമായി സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇമാം ആണ് മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ്. സ്വവര്‍ഗാനുരാഗികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലീങ്ങള്‍ക്കും സുരക്ഷിത താവളമെന്ന നിലയില്‍ ഒരു സംഘടനയ്ക്കും പ്രാര്‍ഥനാലയത്തിനും രൂപം നല്‍കി. ഒട്ടേറെ സ്വവര്‍ഗാനുരാഗ വിവാഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ക്വീര്‍ സമൂഹത്തിന്റെ സ്വന്തം ഇമാം എന്നാണ് മുഹ്സിൻ അറിയപ്പെട്ടിരുന്നത്.


അന്താരാഷ്ട്ര തലത്തിലുള്ള ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ആന്‍ഡ് ഇന്റര്‍സെക്‌സ് സംഘടനകള്‍ ഇമാമിന്റെ കൊലപാതകത്തെ അപലപിച്ചു. ഹിന്ദുമത വിശ്വാസിയായ പുരുഷനാണ് മുഹ്‌സിന്‍ ഹെന്‍ഡ്രിക്സിന്റെ ജീവിത പങ്കാളി. പതിനൊന്ന് വര്‍ഷമായി ഇവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


കേപ് ടൗണിലാണ് മുഹ്സിന്‍ ഹെന്‍ഡ്രിക്സ് ജനിച്ചത്. പാകിസ്താനിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. 1991 ല്‍ കേപ് ടൗണ്‍ സ്വദേശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അതില്‍ രണ്ട് മക്കളുണ്ടായി. 1996 ല്‍ മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് വിവാഹമോചിതനായി. തൊട്ടടുത്ത വര്‍ഷം സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നു. അതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്ന് കടുത്ത വേര്‍തിരിവും ഭീഷണിയും നേരിടേണ്ടി വന്നുവെങ്കിലും ഒറ്റയ്ക്ക് പോരാടി.



deshabhimani section

Related News

View More
0 comments
Sort by

Home