നാടുകടത്തൽ വീഡിയോയിൽ പോപ് ​ഗാനം: വൈറ്റ് ഹൗസിനെതിരെ വ്യാപക വിമർശനം

DEPORTATION
വെബ് ഡെസ്ക്

Published on Apr 06, 2025, 06:10 PM | 1 min read

വാഷിങ്ടൺ : അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ നാടുകടത്തുന്ന വീഡിയോയിൽ പോപ് ​ഗാനം ഉപയോ​ഗിച്ചതിൽ വൈറ്റ് ഹൗസിനെതിരെ വ്യാപക വിമർശനം. നാടുകടത്താനായി ജനങ്ങളെ കൊണ്ടുവരുന്ന വീഡിയോ‌യിൽ ബനനാരാമ എന്ന പ്രശസ്ത യുകെ പോപ് ​ഗ്രൂപ്പിന്റെ 1983ൽ പുറത്തിറങ്ങിയ നാ നാ ഹേയ് ഹേയ് ( കിസ് ഹിം ​ഗുഡ്ബൈ ) എന്ന ​ഗാനമാണ് ഉപയോ​ഗിച്ചിട്ടുള്ളത്.


വൈറ്റ് ഹൗസ് ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. പാട്ടിലെ നാ നാ നാ ഹേയ് ഹേയ് ​ഗുഡ് ബൈ എന്ന വരി കാപ്ഷനായി ചേർത്താണ് നാടുകടത്തുന്നതിന്റെ വീഡിയോ പങ്കുവച്ചത്. വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് നേരിടുന്നത്.


ഡോണൾഡ് ട്രംപ് സർക്കാരിന്റെ നടപടികൾ മനുഷ്യത്വരഹിതമാണെന്ന് നെറ്റിസൺസ് വീഡിയോയ്ക്കു കീഴെ കുറിച്ചു. കുടിയേറ്റക്കാരുടെ യാതനകളെ പരിഹരിക്കുന്ന പ്രവൃത്തിയാണ് വൈറ്റ്ഹൗസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും വിമർശിച്ചു. നാണക്കേട് തോന്നുന്നുവെന്നും മനുഷ്യത്വവിരുദ്ധമായ ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് നിർത്തുവെന്നും ചിലർ കുറിച്ചു. സം​ഗീതത്തിന്റെ അകമ്പടിയോടെ മനുഷ്യത്വ വിരുദ്ധതയെ ആഘോഷിക്കുകയാണ് ഭരണകൂടമെന്നും ഇങ്ങനെയാണ് ഫാസിസമെന്നും നിരവധി വിമർശനങ്ങളാണ് വീഡിയോയ്ക്കു നേരെ ഉയരുന്നത്.


മുമ്പും ഇത്തരത്തിൽ കുടിയേറ്റക്കാരുടെ വീഡിയോയ്ക്കൊപ്പം പോപ് ​ഗാനം പങ്കുവച്ച് വൈറ്റ് ഹൗസ് വിവാദത്തിലകപ്പെട്ടിരുന്നു. സെമിസോണിക് ബാൻഡിന്റെ ക്ലോസിങ് ടൈം എന്ന ​ഗാനമാണ് മുമ്പ് പങ്കുവച്ച് വൈറ്റ് ഹൗസ് വിവാദത്തിലായത്.





deshabhimani section

Related News

View More
0 comments
Sort by

Home