വെനിസ്വേല നാളെ തെരഞ്ഞെടുപ്പിലേക്ക്

കാരക്കാസ്: പ്രതിപക്ഷ ബഹിഷ്കരണ ആഹ്വാനത്തിനിടെ വെനിസ്വേല ഞായറാഴ്ച തെരഞ്ഞെടുപ്പിലേക്ക്. ദേശീയ അസംബ്ലിയിലേക്കുള്ള 285 ഡെപ്യൂട്ടികൾ, 24 ഗവർണർമാർ, 260 പ്രാദേശിക നിയമസഭാംഗങ്ങൾ എന്നിങ്ങനെ ജനപ്രതിനിധികളെ നിശ്ചയിക്കുന്നതാണ് തെരഞ്ഞെടുപ്പ്.
മുഖ്യപ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. 36 വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 6,000 ത്തോളം പേർ വ്യത്യസ്ത സ്ഥാനങ്ങളിലേക്ക് മത്സര രംഗത്തുണ്ട്. ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനിസ്വേല (പിഎസ്‌യുവി), 14 രാഷ്ട്രീയ പാർട്ടികളുടെ സഖ്യമായ ഗ്രേറ്റ് പാട്രിയോട്ടിക് പോൾ എന്ന മുന്നണി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്.
മരിയ കൊറിന മച്ചാഡോയെ ചുറ്റിപ്പറ്റിയുള്ള വലതുപക്ഷ പ്രതിപക്ഷ ഐക്യം സ്ഥാനാർത്ഥികളെ അവതരിപ്പിച്ചിട്ടില്ല. എ ന്യൂ ടൈം (UNT) പോലുള്ള പാർട്ടികളും 20-ലധികം പ്രതിപക്ഷ പാർട്ടികളും പ്രസ്ഥാനങ്ങളും ഉൾപ്പെടുന്ന ഡെമോക്രാറ്റിക് അലയൻസ് സഖ്യമാണ് ഭരണപക്ഷത്തിന് എതിരായി സ്ഥാനാർഥികളെ ഇറക്കിയിട്ടുള്ളത്.
മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മിറാൻഡ സംസ്ഥാനത്തിന്റെ മുൻ ഗവർണറുമായ ഹെൻറിക് കാപ്രിൽസ് ആണ് ഈ സഖ്യത്തെ നയിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലായിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടപ്പിൽ നിക്കൊളാസ് മഡുറോ തുടര്‍ച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധ പരമ്പരകൾ അരങ്ങേറിയിരുന്നു.
2025 ജനുവരി പത്ത് മുതൽ ആരംഭിച്ച ആറുവര്‍ഷ കാലയളവിലേക്കുള്ള പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പാണ് ജൂലായ് 28ന് നടന്നത്. മുന്‍ നയതന്ത്രജ്ഞന്‍ കൂടിയായ എഡ്മുണ്ടോ ഗോണ്‍സാലെസ് ഉറൂതിയ ആയിരുന്നു മഡുറോയുടെ പ്രധാന എതിരാളി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം വിശാലമായ വോട്ടർ പങ്കാളിത്തം അനുവദിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. പ്രസിഡന്റിനെതിരായ സമരത്തിന് തുടർച്ചയായി പ്രതിപക്ഷത്തിന്റെ ഏറ്റവും കരുത്തനായ മരിയ കൊറിന മച്ചാഡോ ഇപ്പോഴും ഒളിവിലാണ്.









0 comments