ലളിത് മോദിക്ക് തിരിച്ചടി; വനുവാട്ടു പാസ്‌പോർട്ട് റദ്ദാക്കും

PHOTO CREDIT: X
പോർട്ട് വില: ഐപിഎൽ സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയനായ ലളിത് മോദിക്ക് തിരിച്ചടി. ലളിത് മോദിക്ക് നൽകിയ വനുവാട്ടു പാസ്പോർട്ട് റദ്ദാക്കണമെന്ന് വനുവാട്ടു പ്രധാനമന്ത്രി ജോതം നപത് ആവശ്യപ്പെട്ടു. നാടുകടത്തൽ ഒഴിവാക്കാൻ ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ വനുവാട്ടു പൗരത്വം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പൗരത്വ കമീഷനോട് പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടത്.
"പാസ്പോർട്ട് അപേക്ഷയ്ക്കിടെ നടത്തിയ ഇന്റർപോൾ സ്‌ക്രീനിംഗുകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലോ പരിശോധനകളിലോ ലളിത് മോദിയുടെ പേരിൽ ക്രിമിനൽ കുറ്റം തെളിഞ്ഞിരുന്നില്ല. ലളിത് മോദിക്കെതിരെ ജാഗ്രതാ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ അഭ്യർഥന ഇന്റർപോൾ രണ്ടുതവണ നിരസിച്ചതായി മനസിലായി. അത്തരമൊരു മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ മോദിയുടെ പൗരത്വ അപേക്ഷ സ്വാഭാവികമായും റദ്ദാക്കും"- ജോതം നപത് പറഞ്ഞു. അപേക്ഷകർ നിയമാനുസൃതമായ കാരണങ്ങളാൽ പൗരത്വം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഐപിഎൽ കോഴ കേസിൽ രാജ്യം വിട്ട ലളിത് മോദിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും (ഇഡി) സിബിഐയും തുടരുകയാണ്. അതിനിടെയാണ് ലളിത് മോദി വാനുവട്ടു പാസ്പോർട്ട് സ്വീകരിക്കുകയും ഇന്ത്യൻ പാസ്പോർട്ട് തിരികെ സമർപ്പിക്കുന്നതിനുള്ള അപേക്ഷ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സമർപ്പിക്കുകയും ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ അടുത്തിടെ പുറത്തുവന്ന വെളിപ്പെടുത്തലുകളെ തുടർന്ന് ലളിത് മോദിക്ക് നൽകിയ പാസ്‌പോർട്ട് റദ്ദാക്കാൻ വാനുവാട്ടു പ്രധാനമന്ത്രി ജോതം നപത് രാജ്യത്തെ പൗരത്വ കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു. ഐപിഎൽ കമ്മീഷണറായിരിക്കെ കോടികളുടെ തട്ടിപ്പിൽ പങ്കാളിയായി എന്ന ആരോപണവുമായി ബന്ധപ്പെട്ട് 2010ലാണ് ലളിത് മോദി ഇന്ത്യവിട്ടത്.









0 comments