പ്രതികാര വൈരം തീരാതെ ട്രംപ്
ലോകത്തിലെ ഏറ്റവും വലിയ സഹായ പദ്ധതി യുഎസ്എഐഡി അടച്ചു പൂട്ടുന്നു

അമേരിക്കൻ നേതൃത്വത്തിലുള്ള ലോകവ്യാപകമായ മാനുഷിക സഹായ പദ്ധതികളുടെ അവസാന വാതിലും അടച്ചു പൂട്ടി ട്രംപ് ഭരണകൂടം. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (യുഎസ്‌എഐഡി) മേൽനോട്ട സ്ഥാനത്ത് നിന്ന് പിന്മാറുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഏജൻസി അടച്ചുപൂട്ടലിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നേതൃത്വം ബജറ്റ് ഡയറക്ടർ ഓഫീസായ റസ് വോട്ടിന് കൈമാറി എന്ന് എക്‌സിലെ ഒരു പോസ്റ്റിൽ റൂബിയോ എഴുതി.
“ജനുവരി മുതൽ, നികുതിദായകർക്ക് കോടിക്കണക്കിന് ഡോളർ ലാഭിക്കാൻ സാഹചര്യം ഉണ്ടാക്കി നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു. യുഎസ്‌എഐഡി ഔദ്യോഗികമായി ക്ലോസ് ഔട്ട് മോഡിലാണ്, “വളരെക്കാലം മുമ്പ് പാളം തെറ്റിയ ഒരു ഏജൻസിയുടെ ക്ലോസ്ഔട്ട് മേൽനോട്ടം വഹിക്കാൻ റസ് ആണ് നേതൃത്വം നൽകുന്നത്. അഭിനന്ദനങ്ങൾ, റസ്.” എന്നാണ് മാർക്കോ റൂബിയോ കുറിച്ചത്.
ഇല്ലാതാവുന്നത് ഏറ്റവും വലിയ സഹായ സംവിധാനം
അന്താരാഷ്ട്ര സഹായം നൽകുന്ന ലോക രാജ്യങ്ങൾക്കിടയിലെ ഏറ്റവും വലിയ സ്വതന്ത്ര ഏജൻസിയായിരുന്ന യുഎസ്എഐഡി. ട്രംപ് ഭരണകൂടത്തിന് കീഴിൽ ക്രമേണ തളർത്തി. ഈ വർഷം ആദ്യമാണ് ട്രംപ് റൂബിയോയെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. മാർച്ചോടെ, ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളവ ഉൾപ്പെടെ അതിന്റെ 83% പരിപാടികളും വെട്ടിക്കുറച്ചു.
എലോൺ മസ്‌കിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെയും ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായിരുന്നു യുഎസ്‌എഐഡി. അടച്ച് പൂട്ടലിന് മുൻപ് മസ്ക് തന്നെയും പുറത്തായി. ലോകമെമ്പാടുമുള്ള യുഎസ്എഐഡിയുടെ പതിനായിരത്തിലധികം വരുന്ന ജീവനക്കാരിൽ ഏതാണ്ട് എല്ലാവരെയും പിരിച്ചുവിടുമെന്ന് റിപ്പോർട്ടുണ്ട്. ഏജൻസി പൂർണ്ണമായും പിരിച്ചു വിടാൻ യു എസ് കോൺഗ്രസിന്റെ അംഗീകാരം വേണമെന്നിരിക്കെ അതിനെ നിർജ്ജീവമാക്കുക എന്ന തന്ത്രമാണ് ട്രംപ് പ്രയോഗിക്കുന്നത്.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജൂലയിൽ ബാക്കിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ട്രംപ് ജനുവരിയിൽ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെ തുടർന്നാണ് പുനഃസംഘടന എന്ന പേരിലുള്ള അടച്ചു പൂട്ടൽ. അധിക ചെലവുകൾ എന്ന് ഭരണകൂടം വിശേഷിപ്പിച്ച വിദേശ, ആഭ്യന്തര സഹായ പരിപാടികളുടെ വിശാലമായ ശ്രേണികൾ മരവിപ്പിച്ചു.
നിലവിലുള്ള അനുവദിച്ച ഫണ്ടുകൾ തന്നെ നേരിട്ടുള്ള നടപടികളില്ലാതെ കാലഹരണപ്പെടാൻ അനുവദിക്കുകയായിരുന്നു. സെപ്റ്റംബർ 30 ന് സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഫണ്ടുകൾ ഉപയോഗിക്കാതെ കാലഹരണപ്പെടുമെന്ന് യു എസ് മാധ്യമങ്ങൾ തന്നെ പറയുന്നു. ഉദ്ദേശ്യം നിറവേറ്റുന്നില്ലെന്ന്പറഞ്ഞാണ് ഇതിനെ കോൺഗ്രസിൽ ന്യായീകരിച്ചത്.
അധികാരമേറ്റ ആദ്യ ദിവസം തന്നെ ട്രംപ് യുഎസ് വിദേശ വികസന സഹായം തൊണ്ണൂറ് ദിവസത്തെ മരവിപ്പിക്കൽ പ്രഖ്യാപിക്കുകയും എല്ലാ വിദേശ സഹായ പദ്ധതികളും പുനഃപരിശോധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
“USAID ഒരു ക്രിമിനൽ സംഘടനയാണ്,” “അത് മരിക്കാനുള്ള സമയമായി.” ഫെബ്രുവരി 2 ന് മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ആറ് പതിറ്റാണ്ട് പിന്നിട്ട പദ്ധതി
1961 മുതൽ ലോകമെമ്പാടുമുള്ള മാനുഷിക ശ്രമങ്ങൾക്ക് ആളും അർത്ഥവും നൽകിയ പദ്ധതിയാണ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്‌എഐഡി). നിരവധി മാനുഷിക അടിയന്തരാവസ്ഥകളോടുള്ള ഫലപ്രദമായ പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതിലും ദരിദ്ര രാജ്യങ്ങളുടെ വികസന ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിലും പദ്ധതി നേതൃത്വം വഹിച്ചിട്ടുണ്ട്.
സോവിയറ്റ് യൂണിയന്റെ ലോക സ്വാധീനം പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ എക്സിക്യൂട്ടീവ് ഉത്തരവ് വഴി പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കാലത്താണ് യുഎസ്എഐഡി സൃഷ്ടിച്ചത്. 1998-ൽ, ബിൽ ക്ലിന്റൺ ഭരണകൂടം എടുത്ത തീരുമാനപ്രകാരം യുഎസ്എഐഡിയുടെ പങ്ക് യു എസ് കോൺഗ്രസ് ഔപചാരികമാക്കി. ഓരോ സാമ്പത്തിക വർഷവും കോൺഗ്രസ് ആണ് ഏജൻസിക്ക് ധനസഹായം നൽകുന്നത്.
2023 സാമ്പത്തിക വർഷത്തിൽ ലോകമെമ്പാടും ഈ ഏജൻസി വഴി വിദേശ സഹായം വിതരണം ചെയ്തത് ഏകദേശം 72 ബില്യൺ ഡോളറാണ്. ഇതിൽ ഏകദേശം 61 ശതമാനവും USAID-ൽ നിന്നാണ്. ജർമ്മനി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഇതിൽ പങ്കാളിത്തം വഹിച്ചു. ഫെഡറൽ ബജറ്റിന്റെ ആനുപാതിക വിഹിതം കണക്കിലെടുക്കുമ്പോൾ ഇതിനായി പണം ചിലവഴിച്ചതിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് വളരെ താഴ്ന്ന സ്ഥാനത്താണ്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനത്തിൽ താഴെയാണ് അനുവദിച്ചിരുന്നത്.
2023 സാമ്പത്തിക വർഷത്തിൽ, ഏജൻസി 160 രാജ്യങ്ങൾക്കും വിവിധ പ്രദേശങ്ങൾക്കുമായി ഏകദേശം 44 ബില്യൺ ഡോളർ സഹായം വിതരണം ചെയ്തു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും യൂറോപ്പിലും യുറേഷ്യയിലും സബ്-സഹാറൻ ആഫ്രിക്കയിലുമാണ് കേന്ദ്രീകരിച്ചിരുന്നത്. സംഘർഷ ദുരിത നിവാരണത്തിൽ 2023 ൽ ഏകദേശം 37 ശതമാനം ധനസഹായവും ലഭിച്ചത് ഉക്രെയ്ൻ ആയിരുന്നു. അഫ്ഗാനിസ്ഥാൻ, എത്യോപ്യ, ജോർദാൻ, സൊമാലിയ എന്നിവ മറ്റ് ശ്രദ്ധേയമായ സ്വീകർത്താക്കളാണ്.

1960 കളുടെ അവസാനത്തിൽ വസൂരി നിർമാർജനം ചെയ്യുന്നതിനുള്ള ആഗോള ശ്രമങ്ങളെ യുഎസ്എഐഡി സഹായിച്ചു. പോളിയോയ്‌ക്കെതിരെ പോരാടുന്നതിനുള്ള ആഗോള കാമ്പെയ്‌ൻ വിജയകരമാക്കി. 2003-ൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് സൃഷ്ടിച്ച പ്രസിഡൻസ് എമർജൻസി പ്ലാൻ ഫോർ എയ്ഡ്‌സ് റിലീഫ് (PEPFAR)-ൽ എച്ച്ഐവി/എയ്ഡ്‌സിനുള്ള പരിചരണം, ചികിത്സ, പ്രതിരോധ സേവനങ്ങൾ എന്നിവ നൽകുന്നതിൽ യുഎസ്എഐഡി ഒരു പ്രധാന നിർവ്വഹണ പങ്കാളിയായി. ഏറ്റവും ഒടുവിൽ, COVID-19 പാൻഡെമിക്കിനിടയിൽ വാക്സിനുകൾ വിതരണം ചെയ്യാനും മാനുഷിക സഹായം വാഗ്ദാനം ചെയ്യാനും ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കാനും ഏജൻസി സഹായിച്ചു.
നൈജീരിയയിലെ ഏറ്റവും വലിയ താങ്ങായിരുന്നു ഈ ഫണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഘർഷങ്ങളിൽ നൈജീരിയ, കാമറൂൺ, നൈജർ, ചാഡ് എന്നിവിടങ്ങളിലായി 35,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 2.6 ദശലക്ഷം പേർ കുടിയിറക്കപ്പെടുകയും ചെയ്തു. ഈ രാജ്യങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് യുഎസ്എഐഡി വലിയ താങ്ങായിരുന്നു.
നൈജറിൽ മാത്രം ധനസഹായം ഇല്ലാതായതോടെ, സ്കൂളിലെ 2,200 വിദ്യാർത്ഥികളിൽ 700 പേരെയും 20 അധ്യാപകരെയും പിരിച്ചുവിട്ടതായി എപി റിപ്പോർട് ചെയ്യുന്നു.
മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകൾ അതിജീവിക്കാൻ സഹായ ഗ്രൂപ്പുകളെയും വിദേശ പങ്കാളികളെയും വളരെയധികം ആശ്രയിക്കുന്നു. ആരോഗ്യ സംരക്ഷണം മുതൽ വിദ്യാഭ്യാസം, സാമൂഹികക്ഷേമം വരെയുള്ള നിരവധി പദ്ധതികൾക്ക് യുഎസ്എഐഡി വഴി ധനസഹായം നൽകിയിരുന്നു. 2023 നും 2024 നും ഇടയിൽ നൈജീരിയയ്ക്ക് 1.5 ബില്യൺ ഡോളർ വിതരണം ചെയ്തു. ട്രംപ് രണ്ടാം വരവോടെ ഇവ എല്ലാം നിർത്തിച്ചു.









0 comments