യുഎസ്‌എയ്‌ഡിന്റെ അടച്ചുപൂട്ടൽ; ഇന്ത്യയ്ക്ക്‌ തിരിച്ചടിയാകുമെന്ന്‌ റിപ്പോർട്ട്‌

us aid and india
വെബ് ഡെസ്ക്

Published on Feb 04, 2025, 04:44 PM | 2 min read

ന്യൂഡൽഹി: യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്‌എയ്‌ഡ്‌) അടച്ചുപൂട്ടൽ ഇന്ത്യയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്‌. ആരോഗ്യം, വെള്ളം, ശുചിത്വം, കാലാവസ്ഥാ പ്രതിരോധം മുതലായവ തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.


ഇന്ത്യ കൂടാതെ സുഡാൻ, ഉക്രെയ്ൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളും കഷ്ടപ്പെടുമെന്ന്‌ റിപ്പോർട്ടുണ്ട്‌. ഇന്ത്യയുടെ വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും, വലിയ തോതിലുള്ള പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രാദേശിക സാമ്പത്തിക, മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തുന്നതിലും യുഎസ്‌എയ്‌ഡ്‌ ഒരു നിർണായക പങ്കാളിയാണ്. ആരോഗ്യ സംരക്ഷണത്തിലാണ് യുഎസ്‌എയ്‌ഡ്‌ ഏറ്റവും കൂടുതൽ ശ്രദ്ധകൊടുക്കുന്നത്‌. പ്രത്യേകിച്ച് ശിശു – മാതൃമരണനിരക്കും കുറയ്ക്കുന്നതിലും, ക്ഷയരോഗത്തെയും എച്ച്ഐവിയെയും ചെറുക്കുന്നതിലുമാണ്‌.


ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലായി നടത്തിയ മാതൃ-ശിശു ആരോഗ്യ പരിപാടികൾ 2.8 ദശലക്ഷം ഗർഭിണികൾക്കും 2.6 ദശലക്ഷം നവജാത ശിശുക്കൾക്കും മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ യുഎസ്‌എയ്‌ഡ്‌ ചെയ്യുന്നുണ്ട്‌. ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഒമ്പതും ഇന്ത്യയിലായതിനാൽ തന്നെ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിലും ഗ്രീൻ ബോണ്ട് വിപണിയെ പിന്തുണയ്ക്കുന്നതിലും യുഎസ്‌എയ്‌ഡിന്റെ പങ്ക് നിർണായകമാണ്.


യുഎസ്‌എയ്‌ഡിന്റെ ജീവനക്കാർക്ക് ഏജൻസിയുടെ വാഷിംഗ്ടൺ ആസ്ഥാനത്ത് നിന്ന് പുറത്തുപോകാൻ ഇന്നലെ ട്രംപ്‌ നിർദ്ദേശം നൽകിയിരുന്നു. യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് ഏജൻസി അടച്ചുപൂട്ടാൻ സമ്മതിച്ചതായി ഇലോൺ മസ്‌ക് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ മാറ്റം. ഒറ്റരാത്രികൊണ്ട് ഏജൻസിയുടെ കമ്പ്യൂട്ടർ ശൃംഖലയിലേക്ക്‌ പ്രവേശിക്കാനാവുന്നില്ലെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു.


യുദ്ധത്തിന്റെ ഭീകരതയിൽ നിന്നും ദുരന്തങ്ങളിൽ നിന്നും കരകയറുന്ന, ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന, ജനാധിപത്യ പരിഷ്കാരങ്ങളിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് സഹായം നൽകിപോരുന്ന സംഘടനയാണ്‌ യുഎസ്എഐഡി. 100-ലധികം രാജ്യങ്ങളിലാണ്‌ യുഎസ്‌എയ്‌ഡ്‌ മാനുഷിക, വികസന, സുരക്ഷാ സഹായങ്ങൾക്കായി കോടിക്കണക്കിന് ഡോളർ നൽകുന്നത്‌. എന്നാൽ ജൈവായുധങ്ങൾ വികസിപ്പിക്കാനും തീവ്രവാദം വളർത്താനുമാണ്‌ യുഎസ്‌എയ്‌ഡ്‌ ഫണ്ട്‌ ചെലവഴിക്കുന്നതെന്നാണ്‌ മസ്‌കിന്റെ ആരോപണം. യുഎസ്‌എയ്‌ഡിന്റെ പ്രവർത്തനങ്ങളെ നിർത്തലാക്കുന്നതിന്റെ ഭാഗമായി ട്രംപ്‌ ചില നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്നു. എച്ച്ഐവി, മലേറിയ, ക്ഷയം എന്നീ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെയും നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും വിതരണം നിർത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. യുഎസ്‌എയ്‌ഡുമായി ചേർന്നു പ്രവർത്തിക്കുന്ന കരാറുകാർക്ക്‌ ജോലി ഉടനടി നിർത്താൻ മെമ്മോകൾ ലഭിച്ചതായി റോയിട്ടേഴ്‌സ്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home