'യുഎസിനേറ്റത് കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യ പ്രതികരണവുമായി ഖമനേയി

തെഹ്റാൻ: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ധാരണയായതിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇസ്രയേലിനൊപ്പം ആക്രമിക്കാനിറങ്ങിയ അമേരിക്കയുടെ മുഖത്ത് കനത്ത പ്രഹരം നൽകിയതായി ഖമനേയി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ നേരിട്ട് ഇടപെട്ടതിന് അമേരിക്കയെ ശക്തമായി എതിർക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിച്ചതിന് ശേഷം പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ 18നാണ് ടെലിവിഷനിലൂടെ ഖമനേയിയുടെ അവസാന പ്രതികരണം പുറത്തുവന്നത്.
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. എന്നാൽ കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല. ആക്രമണത്തിലൂടെ അമേരിക്കയ്ക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല. സംഘർഷം നടക്കുമ്പോൾ സയണിസ്റ്റ് രാഷ്ട്രമായ ഇസ്രയേലിനെ രക്ഷിക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടതെന്നും ഖമനേയി കുറ്റപ്പെടുത്തി. ജൂൺ 18ന് ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫാൻ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്ക നേരിട്ട് പ്രവേശിക്കുന്നത്.
"യുദ്ധത്തിൽ നേരിട്ട് പ്രവേശിച്ചില്ലെങ്കിൽ സയണിസ്റ്റ് ഭരണകൂടം പൂർണ്ണമായും നശിപ്പിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് യുഎസ് ഭരണകൂടം യുദ്ധത്തിൽ പ്രവേശിച്ചത്. ആ ഭരണകൂടത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അവർ ഇടപെട്ടത്. പക്ഷേ ഒന്നും നേടിയില്ല"- ഖമനേയി എക്സിൽ കുറിച്ചു.
ഇറാൻ അമേരിക്കയ്ക്ക് കനത്ത പ്രഹരം നൽകിയതായി ഖമനേയി ആവർത്തിച്ചു. ഖത്തറിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ അമേരിക്കൻ വ്യോമതാവളത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായെന്ന് ഖമനേയി കുറിച്ചു.
ഖത്തറിലെ യുഎസ് താവളങ്ങളിൽ ഇറാൻ നടത്തിയ ആക്രമണ വലിയ നേട്ടമാണെന്നാണ് ഖമനേയി വിശേഷിപ്പിച്ചത്. ഭാവിയിലും ഇറാനെതിരെ ഇരുരാജ്യങ്ങളും ആക്രമണം തുടർന്നാൽ വലിയ വില നൽകേണ്ടിവരും. പ്രകോപിപ്പിച്ചാൽ ഈ ആക്രമണങ്ങൾ ആവർത്തിക്കുമെന്നും ഖമനേയി മുന്നറിയിപ്പ് നൽകി.









0 comments