യമനില്‍ വ്യാപക അമേരിക്കന്‍ ആക്രമണം; തലസ്ഥാനത്ത് മാത്രം 19 തവണ ആക്രമണമുണ്ടായതായി റിപ്പോർട്ട്

photo credit: pti

അനസ് യാസിന്‍
Published on Mar 28, 2025, 08:34 PM | 2 min read
മനാമ: സന വിമാനതാവളമടക്കം യനിലുടനീളം വ്യാപകമായ അമേരിക്കന്‍ ബോംബാക്രമണം. തലസ്ഥാനമായ യമനില്‍ ജനവാസ മേഖലകളിലുടക്കം വെള്ളിയാഴ്ച പുലര്‍ച്ചെ ശക്തമായ ബോംബാക്രമണമുണ്ടായതായി യെമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് യെമന്‍ പ്രവിശ്യകളിലായി നൂറിലധികം സ്ഥലങ്ങളില്‍ അമേരിക്ക ബോംബിട്ടതായി കുര്‍ദിസ്ഥാന്‍ 24 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 15ന് അമേരിക്കന്‍ ആക്രമണം ആരംഭിച്ച ശേഷം ഏറ്റവും വിപുലമായ വ്യോമാക്രമണമാണ് വെള്ളിയാഴ്ചത്തേത്.
തലസ്ഥാനമായ സനയില്‍ മാത്രം 19 തവണ അമേരിക്കന്‍ ആക്രമണമുണ്ടായതായി ഹൂതികളുടെ അല്‍ മാസിറ ടിവി അറിയിച്ചു. സനയില്‍ വിമാന താവളത്തെ രണ്ടു തവണ ആക്രമിച്ചു. ഹൂതി ശക്തി കേന്ദ്രങ്ങളായ സഅദയില്‍ പത്തും അമ്രാനില്‍ 19 ഉം തവണ അമേരിക്ക ബോംബിട്ടു. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദെയ്ദ, ജൗഫ്, മാരിബ് എന്നിവടങ്ങളിലും നിരവധി തവണ യുദ്ധവിമാവനങ്ങളും ഡ്രോണുകളും ആക്രമണം നടത്തി. സനയിലെ ബാനി ഹാഷിഷ് ജില്ലയില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടവും ആളപായവും വ്യക്തമല്ല. വ്യാപകമായി നഗര പ്രദേശങ്ങളിലും ബോംബിട്ടു.
ഹൂതി കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുടെ സീനിയര്‍ കമാന്‍ഡ് ഘടനയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അമേരിക്കന്‍ ആക്രമണം. ഹുതി നേതൃത്വം, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ആയുധ ഡിപ്പോകള്‍, കമാന്‍ഡ് സെന്ററുകള്‍, സമുദ്ര ആക്രമണങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടു.
വ്യാഴാഴ്ച ഇസ്രയേല്‍ വിമാനത്താവളത്തെയും സൈനിക സൈറ്റിനെയും യുഎസ് യുദ്ധക്കപ്പലിനെയും ഹൂതി ആക്രമിച്ചു. പലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് മിസൈലും ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളവും സൈനിക കേന്ദ്രവും ലക്ഷ്യമാക്കി വിജയകരമായ ആക്രമണങ്ങള്‍ നടത്തിയതായി വക്താവ് യഹിയ സരി പറഞ്ഞു. ചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് ഹാരി എസ് ട്രൂമാനെയും അനുബന്ധ യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയായും സരി അല്‍ മാസിറ ടിവിയില്‍ പറഞ്ഞു.
ഹൂതി ആക്രമണ ഭീതിയെ തുടര്‍ന്ന് ടെല്‍ അവീവ്, ജറുസലം ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. വ്യാഴാഴ്ച ഇസ്രയേല്‍ പ്രദേശത്തേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് മിസൈലുകള്‍ തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
0 comments