ഇരട്ട ചുങ്കം വിജ്ഞാപനം ചെയ്തു; കൂടുതൽ ഇരയാക്കപ്പെടുക ചെറുകിട സംരംഭങ്ങളും തൊഴിലാളികളും

വാഷിങ്ടൺ: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് മുകളിൽ ചുമത്തിയ പ്രതികാര ചുങ്കം ഇരട്ടിപ്പിക്കുന്ന നടപടി ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത് അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച് 25 ശതമാനം അധിക ചുങ്കം നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ യു എസ് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് പരസ്യപ്പെടുത്തി.
2025 ഓഗസ്റ്റ് 6 ലെ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 14329 നടപ്പാക്കാനാണ് ഉത്തരവ്. 2025 ഓഗസ്റ്റ് 27 ന് പുലർച്ചെ 12:01 ന് ശേഷമോ അതിന് തുടർച്ചയായോ ഉപഭോഗത്തിനായി പ്രവേശിക്കുന്നതോ ഉപഭോഗത്തിനായി വെയർഹൗസിൽ നിന്ന് പിൻവലിക്കുന്നതോ ആയ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മേൽ അധിക ചുങ്കം ചുമത്താൻ നടപടി ക്രമങ്ങൾ ഇത് നിർദ്ദേശം ചെയ്യുന്നു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ഉടമ്പടിക്കുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്ന സാഹചര്യത്തിൽ ട്രംപിന്റെ പ്രതികാര നടപടി കടുപ്പിക്കയാണ്. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നത് പൂർണ്ണമായും നിർത്തിവെക്കണം എന്നാവശ്യപ്പെട്ടാണ് നേരത്തെ ചുമത്തിയ 25 ശതമാനത്തിന് പുറമെ 25 ശതമാനം തുക കൂടി പ്രതികാര ചുങ്കം പ്രഖ്യാപിച്ചത്.

നാളെ അർധരാത്രിക്കുശേഷം ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ പ്രകാരം 50 ശതമാനം നികുതി ബാധകമാവും. ഇതോടെ യുഎസ് ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറി. സ്വിറ്റ്‌സർലൻഡ്– 39 ശതമാനം, കാനഡ– 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക– 30 ശതമാനം, മെക്‌സിക്കോ– 25 ശതമാനം എന്നീ രാജ്യങ്ങളാണ് ഉയർന്ന തീരുവ പട്ടികയിൽ പിന്നാലെയുള്ളത്.
നേരിടുന്നത് വ്യാപാര ഉപരോധം
ഇന്ത്യൻ കയറ്റുമതിയുടെ 45 ശതമാനവും യുഎസ് തീരുവ പരിധിക്ക് പുറത്താണ്. എന്നാൽ ജ്വല്ലറി, ടെക്‍സ്റ്റൈൽസ്, ചെമ്മീൻ, എംഎസ്എംഇകള്‍ തുടങ്ങിയ അവശേഷിക്കുന്ന 55 ശതമാനം മേഖലകളെയും ബാധിക്കും. "കുറഞ്ഞ മൂല്യവർദ്ധനവും കുറഞ്ഞ മാർജിനുകളും" ഉള്ള സ്ഥാപനങ്ങളാവും ആദ്യം തകർച്ച നേരിടുക എന്നാണ് വിലയിരുത്തലുകൾ.
2024-ൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനം അമേരിക്കയായിരുന്നു, 87.3 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതിയാണ് കഴിഞ്ഞ വർഷം നടത്തിയത്.
ചെറുകിട സംരംഭകരെയും കർഷകരെയും പിന്തുണയ്ക്കുന്നതിനായി പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് തിങ്കളാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചിരുന്നു. എന്നാൽ പ്രായോഗിക നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
യുഎസ് വിപണിയിൽ ഗണ്യമായ മത്സരം നടത്തുന്ന ഇന്ത്യൻ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, ചെമ്മീൻ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ ഇടത്തരം തൊഴിൽ മേഖലകളെ ആശ്രയിച്ച് നിൽക്കുന്നതാണ്. ഇടനില കമ്പനികൾ നഷ്ടം നികത്തുന്നതിന്റെ ഭാരവും താഴെ തട്ടിലാവും പ്രതിഫലിക്കുക.
തെക്കുകിഴക്കൻ രാജ്യങ്ങൾ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഇന്ത്യയുടെ എതിരാളികളായ രാജ്യങ്ങൾ 19-20 ശതമാനം നികുതിയിൽ ഇതേ സാധനങ്ങൾ അമേരിക്കയിൽ എത്തിക്കും. ഇരട്ട താരിഫ് ഇന്ത്യൻ ഉൽപ്പന്നങ്ങളെ യുഎസ് വിപണിയിൽ മത്സരക്ഷമതയില്ലാത്തതാക്കുകയും. ഇതുവരെ നേടിയ വിഹിതം നശിപ്പിക്കുകയും ചെയ്യും. ആയിരക്കണക്കിന് തൊഴിലുകളും കയറ്റുമതി വരുമാനവും അപകടത്തിലാക്കും എന്നും ആശങ്ക നിലനിൽക്കുന്നു.









0 comments