വ്യാപാരയുദ്ധം മുറുകുന്നു ; ചൈനക്കെതിരെ 245 ശതമാനം തീരുവയെന്ന് വൈറ്റ്‌ഹൗസ്

വാഷിങ്‌ടൺ : പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രതികാരചുങ്കത്തോടെ തുടക്കമിട്ട ചൈന–-അമേരിക്ക വ്യാപാരയുദ്ധം മുറുകുന്നു. അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ചൈന നിലവിൽ 245 ശതമാനം തീരുവയാണ് നേരിടുന്നതെന്ന് വൈറ്റ്‌ഹൗസ് പറഞ്ഞു. അമേരിക്കൻ കമ്പനിയായ ബോയിങ്ങിൽനിന്ന് വിമാനങ്ങൾ വാങ്ങരുതെന്ന് ചൈന തങ്ങളുടെ വ്യോമയാനകമ്പനികളോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ ട്രംപ് സ്ഥിരീകരിച്ചു. ശത്രുക്കളുമായുള്ള വ്യാപാരയുദ്ധത്തിൽ അമേരിക്കയെയും കർഷകരെയും സംരക്ഷിക്കുമെന്നും സമൂഹമാധ്യമ പോസ്‌റ്റിൽ ട്രംപ് അവകാശപ്പെട്ടു.
ഇറക്കുമതി ചെയ്ത സംസ്കരിച്ച ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിലൂടെ ഉണ്ടാകുന്ന ദേശീയ സുരക്ഷാ അപകടസാധ്യതയെക്കുറിച്ച് അന്വേഷണം ആരംഭിക്കാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. 75 രാജ്യങ്ങൾ അമേരിക്കയുമായി വ്യാപാരകരാറിനുള്ള ചർച്ചക്ക് സമീപിച്ചതായും ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ചുങ്കം താൽക്കാലികമായി ഒഴിവാക്കിയത് ഈ സഹചര്യത്തിലാണെന്നും വൈറ്റ്‌ഹൗസ് പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ത്രിരാഷ്‌ട്രസന്ദർശനത്തിന്റെ ഭാഗമായി മലേഷ്യയിലെത്തി. കോലാലംപുരിൽ സുൽത്താൻ ഇബ്രാഹിമുമായും പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായും അദ്ദേഹം ചർച്ച നടത്തി. വിയത്‌നാം, കംബോഡിയ എന്നിവിടങ്ങളും ഷീ സന്ദര്‍ശിക്കും.
അതേസമയം, വൈറ്റ്‌ഹൗസിന്റെ പടിയിറങ്ങിയശേഷമുള്ള ആദ്യ പ്രസംഗത്തിൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ ട്രംപിനെതിരെ രൂക്ഷ വിമർശമുയർത്തി. നൂറുദിവസത്തിനുള്ളിൽതന്നെ പുതിയ ഭരണം കാര്യമായ നാശനഷ്ടം വരുത്തിയതായി അദ്ദേഹം പറഞ്ഞു.








0 comments