വ്യാപാര ഉടമ്പടി ഒപ്പിട്ടതായി ട്രംപ് , പരസ്‌പര വിട്ടുവീഴ്‌ചയോടെ പ്രവർത്തിക്കണമെന്ന് ചൈന
ചൈന – യുഎസ് ധാരണ : വ്യാപാരയുദ്ധത്തിന് വിരാമം

വാഷിങ്‌ടൺ
അമേരിക്ക പ്രതികാരചുങ്കം പ്രഖ്യാപിച്ചതിനെ തുടർന്ന് ചൈനയുമായി ഉടലെടുത്ത വ്യാപാരയുദ്ധത്തിന് വിരാമം. അപൂർവ മൂലകങ്ങളെക്കുറിച്ചുള്ള തർക്കത്തിനിടെ ഇരുരാജ്യങ്ങളും വ്യാപാരകരാറിനുള്ള ചട്ടക്കൂടിന് അന്തിമരൂപം നൽകി. ചൈനയുമായി വ്യാപാര ഉടമ്പടി ഒപ്പിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കരാറിൽ ധാരണയിലെത്തിയതായി സ്ഥിരീകരിച്ച ചൈന പരസ്‌പര വിട്ടുവീഴ്‌ചയോടെ ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ചൈനയിൽനിന്ന് അമേരിക്കയിലേക്കുള്ള അപൂർവ മൂലകങ്ങളുടെ കയറ്റുമതി വേഗത്തിലാക്കാൻ ചൈനയുമായി ധാരണയിലെത്തിയതായി വൈറ്റ്ഹൗസ് അവകാശപ്പെട്ടു. നിയന്ത്രണം ഏർപ്പെടുത്തിയ ഇനങ്ങളുടെ കയറ്റുമതിക്കായുള്ള അപേക്ഷ നിയമാനുസൃതം പരിശോധിച്ച് അംഗീകരിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 ശതമാനംവരെ പ്രതികാരചുങ്കം ചുമത്തിയ ട്രംപിന്റെ പ്രകോപനകരമായ നീക്കത്തിന് അതേനാണയത്തിൽ ചൈന മറുപടി നൽകിയിരുന്നു. സാങ്കേതികവിദ്യാ വ്യവസായത്തിന് അത്യന്താപേക്ഷിതമായ ചിപ്പുകളുടെയടക്കം നിർമാണത്തിനു വേണ്ട അപൂർവധാതുക്കളുടെ കയറ്റുമതി ചൈന നിർത്തിയതോടെ പ്രതിസന്ധിയിലായ അമേരിക്ക വെല്ലുവിളി അവസാനിപ്പിച്ച് ചർച്ചയിലേക്ക് മടങ്ങി. ജനീവയിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തില്‍ വ്യാപാരയുദ്ധത്തിൽനിന്ന് പിന്മാറാൻ ധാരണയിലെത്തി.








0 comments