ക്യൂബൻ നേതാക്കളെ വിലക്കി യുഎസ്‌

cover-cuba

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 13, 2025, 12:56 AM | 1 min read

ഹവാന: മനുഷ്യാവകാശ ലംഘനമെന്ന ആരോപണമുയർത്തി ക്യൂബൻനേതാക്കൾക്കെതിരെ ഉപരോധപ്രഖ്യാപനവുമായി അമേരിക്ക. ക്യൂബൻ പ്രസിഡന്റ്‌ മിഗ്വേസ്‌ ഡയാസ്‌ കാനലിനും മറ്റ്‌ മുതിർന്ന നേതാക്കൾക്കും വസാവിലക്ക്‌ ഉൾപ്പെടെയുള്ള ഉപരോധം ഏർപ്പെടുത്തിയതായി യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു. 2021 ജൂലൈയിലെ ഹവാനയിൽ അക്രമാസക്തരായ കലാപകാരികളെ അറസ്‌റ്റുചെയ്ത്‌ നടപടിയെടുത്തതിന്റെ പേരിലാണ്‌ അമേരിക്കയുടെ പ്രതികാരം. ക്യൂബൻ പ്രതിരോധ മന്ത്രി അൽവാരോ ലോപ്പസ് മിയേരയ്ക്കും ആഭ്യന്തര മന്ത്രി ലസാരോ അൽവാരസ് കാസസിനും ക്യൂബൻ നീതിന്യായ, ജയിൽ ഉദ്യോഗസ്ഥർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റൂബിയോ എക്‌സിൽ പറഞ്ഞു. ക്യൂബയിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾക്കും അടിസ്ഥാന സ്വാതന്ത്ര്യങ്ങൾക്കും വേണ്ടിയാണ്‌ അമേരിക്ക നിലകൊള്ളുന്നതെന്നും, മേഖലയിൽ നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഭരണകൂടങ്ങളെ അനുവദിക്കില്ലെന്നും റൂബിയോ ഭീഷണി മുഴക്കി. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അമേരിക്കക്കെതിരെ ശക്തമായ പ്രതികരണവുമായി ക്യൂബ രംഗത്തെത്തി. വംശഹത്യയുടെയും ജയിലറകളുടെയും കൂട്ടനാടുകടത്തലിന്റെയും സംരക്ഷകനാണ്‌ റൂബിയോ എന്ന്‌ ക്യൂബൻ വിദേശ മന്ത്രാലയത്തിലെ യുഎസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജോഹന്ന തബ്‌ലാദ ആഞ്ഞടിച്ചു. ഡോണൾഡ്‌ ട്രംപ്‌ വീണ്ടും അധികാരത്തിലെത്തിയശേഷം ക്യൂബയുടെ പരമാധികാരത്തെ ചോദ്യംചെയ്‌ത്‌ കൂടുതൽ പ്രകോപനപരമായ നടപടലകളാണ്‌ അമേരിക്ക സ്വീകരിക്കുന്നത്‌. അമേരിക്കയുടെ പിന്തുണയോടെയാണ്‌ 2021 ജൂലൈ 11ന്‌ ഹവാനയിൽ സർക്കാർവിരുദ്ധർ കലാപത്തിനിറങ്ങിയത്‌. സുരക്ഷാസേനക്കൊപ്പം ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി കലാപകാരികളെ തുരത്തി. അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് വിചാരണയെ തുടർന്ന്‌ തടവുശിക്ഷ ലഭിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥനയെ മാനിച്ച്‌ ഇവരിൽ പലരെയും വിട്ടയക്കുകയുംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home