Deshabhimani

യുഎസിന് മുന്നറിയിപ്പുമായി ഇറാൻ; വ്യോമാതിർത്തി അടച്ച് ഇസ്രയേൽ

netanyahu trump khamanei
വെബ് ഡെസ്ക്

Published on Jun 22, 2025, 09:42 AM | 2 min read

ടെഹ്റാൻ: ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ കടന്നാക്രമണത്തിനു പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. കനത്ത പ്രത്യാക്രമണം യുഎസിന് നേരെയുണ്ടാവുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉണ്ടാവുമെന്നും ഇറാൻ അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ പറഞ്ഞതായി കയ്ഹാൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ ഔദ്യോ​ഗിക പ്രതികരണം വിഷയത്തിൽ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ഖമനേയിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ മുമ്പ് അമേരിക്കയ്ക്ക് നൽകിയിരുന്ന മുന്നറിയിപ്പ് വീണ്ടും പോസ്റ്റ് ചെയ്തതതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.


ഇന്ന് പുലർച്ചെയാണ് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഫോർദോ, നഥാൻസ്, എസ്ഫാൻ ആണവ നിലയങ്ങളിലാണ് ആക്രമണം നടന്നത്. ആക്രമണ വിവരം സ്ഥിരീകരിച്ച ഇറാൻ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും മൂന്ന് കേന്ദ്രങ്ങളും ഒഴിപ്പിച്ചതായിരുന്നുവെന്നും പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഇറാനിലെ അമേരിക്കയുടെ കടന്നാക്രമണത്തിനു പിന്നാലെ ഇസ്രയേൽ തങ്ങളുടെ വ്യോമാതിർത്തി അടച്ചു. ഇറാന്റെ പ്രതികാര നടപടി ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിലുള്ള മുൻകരുതൽ നടപടിയായാണ് നീക്കമെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലേക്കും ജോർദാനിലേക്കും ഉള്ള കരമാർഗങ്ങൾ തുറന്നിരിക്കുന്നതായും തുറമുഖ അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.


ഇറാനിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതിനു ശേഷം പത്താം ദിവസമാണ് അമേരിക്ക ഇറാനിൽ നേരിട്ട് ആക്രമണം നടത്തുന്നത്. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത് ചെയ്യാനാകില്ലെന്നും ഇനി സമാധാനത്തിന്റെ സമയമാണെന്നും ട്രംപ് തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു. അമേരിക്കൻ സൈനികരെ അഭിനന്ദിക്കുന്നതായും ട്രംപ് വ്യക്തമാക്കി.


യുഎസ് ആക്രമണത്തിന്റെ മറ്റ് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയെന്ന വാർത്ത വന്നത്. ഇറാനെ കടന്നാക്രമിക്കുന്ന ഇസ്രയേലുമായി കൈകോര്‍ക്കാനാണ് അമേരിക്കയുടെ നീക്കമെങ്കില്‍ "അത് എല്ലാവര്‍ക്കും അപകടം ചെയ്യു'മെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home