അമേരിക്കന്‍ ബോംബാക്രമണം ; യെമനില്‍ 31 മരണം


അനസ് യാസിന്‍
Published on Mar 17, 2025, 03:13 AM | 1 min read
മനാമ : ഇസ്രയേലിനെതിരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ശനി വൈകിട്ട് യെമനിൽ അമേരിക്കയുടെ വൻ ബോംബാക്രമണം. 31 പേർ കൊല്ലപ്പെട്ടു. 101 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും സ്‌ത്രീകളും കുട്ടികളുമാണ്.
വടക്കൻ സഅദ പ്രവിശ്യയിൽ രണ്ട് വീടുകൾ ആക്രമിച്ചു. തലസ്ഥാനമായ സനയിലും അൽബൈദയിലും റാദയിലും വ്യോമാക്രമണമുണ്ടായി. തെക്കു പടിഞ്ഞാറൻ നഗരമായ തായ്‌സിലെ ഹൂതി സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. സഅദ ദഹ്യാൻ പട്ടണത്തിലെ പവർ സ്റ്റേഷൻ ബോംബിട്ട് തകർത്തത് മേഖലയെ ഇരുട്ടിലാക്കി.
ജനവാസ മേഖലകളിലേക്ക് ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും അന്താരാഷ്‌ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും നഗ്‌നമായ ലംഘനമാണെന്നും യെമൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അക്രമണത്തോട് അതേ തീവ്രതയോടെ പ്രതികരിക്കാൻ സജ്ജമാണെന്ന് ഹൂതി പൊളിറ്റിക്കൽ ബ്യൂറോ പറഞ്ഞു.
ഹൂതികൾക്കെതിരെ ശക്തമായ സൈനിക നടപടി ആരംഭിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്‌ട്ര സമുദ്ര ഗതാഗതത്തെ ആക്രമിക്കുന്നത് നിർത്തിയില്ലെങ്കിൽ ഹൂതികൾക്ക് മേൽ ‘നരകം മഴപോലെ പെയ്യു'മെന്നായിരുന്നു ഭീഷണി. ട്രംപ് അധികാരമേറ്റ ശേഷം പശ്ചിമേഷ്യയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ശനിയാഴ്‌ചത്തെ ആക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തില്ലെങ്കിലും അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കാൻ സൗകര്യം നൽകി.
യെമനിലെ സാധാരണക്കാരെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി, ഇറാന്റെ വിദേശനയം നിർദേശിക്കാൻ അമേരിക്കയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് സഹായം നൽകുന്നത് അമേരിക്ക നിർത്തണമെന്നും ആവശ്യപ്പെട്ടു.
0 comments