മസ്‍കുമായുള്ള സഹകരണം റദ്ദാക്കി യുഎസ് വ്യോമസേന

വാഷിങ്‌ടൺ
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശത്രുത സമ്പാദിച്ച ശതകോടീശ്വരൻ ഇലോൺ മസ്‌കുമായുള്ള സഹകരണം റദ്ദാക്കി അമേരിക്കൻ വ്യോമസേന. വാണിജ്യ റോക്കറ്റുകൾ ഉപയോഗിച്ച് ലോകത്തെവിടെയും 90 മിനിട്ടുകൊണ്ട് 100 ടൺ സൈനിക ചരക്കുകൾ എത്തിക്കാനുള്ള പദ്ധതിയാണ് റദ്ദാക്കിയത്. ട്രംപും മസ്‌കും തമ്മിലുള്ള അസ്വാരസ്യം നാൾക്കുനാൾ വർധിച്ചുവരികയാണ് മസ്‌കിന്റെ സ്പേസ് എക്സുമായുള്ള സഹകരണത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം. എന്നാൽ, പസിഫിക് മേഖലയിലെ കടൽപ്പക്ഷികൾക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പദ്ധതി റദ്ദാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
പസിഫിക് മേഖലയിൽ, ഹവായിൽനിനന് 1300 കിലോമീറ്റർ അകലെയുള്ള വന്യജീവി സങ്കേതം ജോൺസ്റ്റൺ അറ്റോളിൽനിന്ന് സ്പേസ് എക്സ് റോക്കറ്റുകളുടെ പരീക്ഷണ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എയർഫോഴ്‌സ് റിസർച്ച് ലബോറട്ടറിയുടെ റോക്കറ്റ് കാർഗോ പദ്ധതിയുടെ കീഴിലായിരുന്നു പരീക്ഷണം.
ജോൺസ്‌റ്റൺ അറ്റോൾ 14 ഇനം കടൽപ്പക്ഷികളുടെ മുട്ടയിടൽ കേന്ദ്രമാണെന്നും പരീക്ഷണം ഇവയ്ക്ക് ഹാനികരമാകുമെന്നും ജൈവശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു.
തീരുമാനത്തിനെതിരെ കടുത്ത പരിഹാസവുമായി മസ്‌ക് രംഗത്തെത്തി. ‘ക്രൂരകൃത്യത്തിന് പരിഹാരമായി ഒരാഴ്ചത്തേക്ക് ഓംലെറ്റ് ഉപേക്ഷിക്കുന്നു’ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ പരിഹാസം.









0 comments