യുഎസിൽ 5,000 അടി ഉയരത്തിൽവച്ച് വിമാനത്തിന് എഞ്ചിൻ തകരാർ; സുരക്ഷിതമായി താഴെയിറക്കി

photo credit: United facebook
വാഷിങ്ടൺ : യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് പറക്കുന്നതിനിടെ എഞ്ചിൻ തകരാർ. ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ എഞ്ചിനാണ് 5,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ തകരാറിലായത്. വാഷിംഗ്ടണിൽ നിന്ന് മ്യൂണിക്കിലേക്ക് പോകുകയായിരുന്ന UA108 വിമാനത്തിലാണ് പറന്നുയർന്ന് അധികം താമസിയാതെ ഇടത് എഞ്ചിൽ തകരാർ കണ്ടെത്തിയത്. തുടർന്ന് ഉടൻ പൈലറ്റ് "മെയ്ഡേ" സന്ദേശം നൽകി.
വാഷിംഗ്ടൺ ഡള്ളസിൽ നിന്ന് പറന്നുയർന്ന് 5,000 അടി ഉയരത്തിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് എഞ്ചിൻ തകരാർ റിപ്പോർട്ട് ചെയ്തത്. ഉടൻ തന്നെ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിൽ റിപ്പോർട്ട് ചെയ്തു.
ഇന്ധനം തീർക്കാനായി വിമാനം 2.30 മണിക്കൂറോളം പറന്നതായി ഫ്ലൈറ്റ്അവെയർ റിപ്പോർട്ട് ചെയ്തു. തുടർന്ന് വാഷിംഗ്ടൺ ഡള്ളസ് വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. ലാൻഡിങ്ങിനിടെ ഇടതുവശത്തെ എഞ്ചിൻ തകരാറിലായതിനാൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. സംഭവത്തിൽ ആർക്കും പരിക്കില്ല. സാങ്കേതിക തകരാറിനെക്കുറിച്ച് എയർലൈനും ബന്ധപ്പെട്ട വ്യോമയാന അധികൃതരും അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്കുമുമ്പ് ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മറ്റൊരു അമേരിക്കൻ എയർലൈൻസ് വിമാനം തകരാറിലായിരുന്നു. ബ്രേക്കുകൾ ഓവർഹീറ്റ് ആയതുകൊണ്ട് വിമാനത്തിൽ പുക ഉയർന്നതോടെ എഎ ഫ്ലൈറ്റ് 3023 ലെ യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ ഉപയോഗിച്ച് പുറത്തിറക്കുകയായിരുന്നു.









0 comments