ഇന്ത്യയുൾപ്പെടെ 142 രാജ്യങ്ങൾ അനുകൂലിച്ചു , യുഎസും ഇസ്രയേലുമടക്കം 10 രാജ്യങ്ങൾ എതിർത്തു
ഗാസയിലെ ഇസ്രയേൽ കടന്നാക്രമണം ; ദ്വിരാഷ്‌ട്ര പരിഹാരം വേണമെന്ന പ്രമേയം യുഎൻ പാസാക്കി

ജനീവ
ഇസ്രയേലിനും പലസ്തീനുമുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രമേയം യുഎൻ പൊതുസഭ പാസാക്കി. വെള്ളിയാഴ്‌ച നടന്ന വോട്ടെടുപ്പിൽ 142 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ഇസ്രയേലും അമേരിക്കയുമടക്കം 10 രാജ്യങ്ങൾ മാത്രമാണ് എതിർത്തത്. ഇന്ത്യ പ്രമേയത്തെ പിന്തുണച്ചു. എല്ലാ ഗൾഫ്, അറബ് രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. അർജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നിവയാണ് എതിർത്ത മറ്റു രാജ്യങ്ങൾ.
ഫ്രാൻസും സൗദി അറേബ്യയും ചേർന്നാണ് ഏഴുപേജുള്ള പ്രമേയം അവതരിപ്പിച്ചത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരം ഫലപ്രദമായി നടപ്പാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇസ്രയേൽ– പലസ്തീൻ സംഘർഷത്തിന് നീതിയുക്തവും സമാധാനപരവും ശാശ്വതവുമായ പരിഹാരം കൈവരിക്കുന്നതിനും കൂട്ടായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഗാസയിലെ ഭരണം അവസാനിപ്പിച്ച് ആയുധങ്ങൾ പലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്നും ഹമാസിനോടും ദ്വിരാഷ്ട്ര പരിഹാരത്തോട് പ്രതിബദ്ധത കാണിക്കാൻ ഇസ്രയേലിനോടും ആവശ്യപ്പെട്ടു. പലസ്തീൻകാർക്കെതിരായ അക്രമവും പ്രകോപനവും ഉടൻ അവസാനിപ്പിക്കാനും അധിനിവേശം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്‌തു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഒരിക്കലും പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് യുഎൻ പൊതുസഭ പ്രമേയം പാസാക്കിയത്.









0 comments