സ്വാതന്ത്ര്യം കവരാനുളള നീക്കമെന്ന് ഹമാസ്; യുഎൻ പ്രമേയം തള്ളി

വാഷിങ്ടൺ: അന്താരാഷ്ട്ര സ്റ്റബിലൈസേഷൻ ഫോഴ്‌സിനെ നിയോഗിക്കാനും ട്രംപിന്റെ ഗാസാ പദ്ധതി നടപ്പാക്കാനും ഉൾപ്പെടെ ഉപാധികളോടെ സമവായം നിർദ്ദേശിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം തള്ളി ഹമാസ്.
എതിരില്ലാതെ 13 വോട്ടിനാണ് യു എൻ പ്രമേയം പാസായത്. റഷ്യയും ചൈനയും വിട്ടു നിന്നു.
“വിദേശ നിയന്ത്രണ ഉപാധി” എന്നാണ് ഹമാസ് പദ്ധതിയെ വിശദീകരിച്ചത്. അന്താരാഷ്ട്ര സേനയുടെ അധികാരം എന്ന പേരിൽ “പക്ഷപാതപരമായ” നടപടിയാണ് തുടരുന്നതെന്നും ആരോപിച്ചു. നേരിട്ട് യുഎൻ മേൽനോട്ടത്തിലുള്ള അതിർത്തി നിരീക്ഷണ സേനയെ മാത്രമേ തങ്ങൾക്ക് അംഗീകരിക്കാനാവൂ എന്നും വ്യക്തമാക്കി.
അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രമേയത്തെ സ്വാഗതം ചെയ്തു. പദ്ധതി “ഗാസയുടെ പൂർണ്ണ നിരായുധവൽക്കരണവും അക്രമവിരുദ്ധ നടപടികളും ഉറപ്പാക്കും” എന്ന് അവകാശപ്പെട്ടു.
യുഎൻ അംഗീകരിച്ച ഉപാധി പ്രകാരം ബോർഡ് ഓഫ് പീസ് എന്ന താൽക്കാലിക ഭരണ സമിതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിലായിരിക്കും. 2027 അവസാനംവരെ ആണ് ഈ സംവിധാനങ്ങളുടെ തുടർച്ച വിഭാവനം ചെയ്തിട്ടുള്ളത്.
മാത്രമല്ല സുരക്ഷാ സമാധാന സേന ഈജിപ്തുമായും ഇസ്രായേലുമായും അടുത്ത് സഹകരിക്കും. അന്താരാഷ്ട്ര സേന നിയന്ത്രണം ഉറപ്പിക്കുന്നതിനനുസരിച്ച് ഇസ്രായേൽ സേന നിർദ്ദിഷ്ട മാനദണ്ഡങ്ങളും സമയംപരിധികളും അനുസരിച്ച് പിൻവാങ്ങും എന്നും നിർദ്ദേശിക്കുന്നു.
ഹമാസ് എതിർത്ത് പ്രകടിപ്പിച്ചപ്പോൾ പലസ്തീൻ അതോറിറ്റി (PA) ഈ പ്രമേയത്തെ സ്വാഗതം ചെയ്തു. ഉടൻ നടപ്പാക്കാൻ തയാറാണെന്ന് അറിയിച്ചു. അപ്പോഴും പലസ്തീൻ അതോറിറ്റിയുടെ രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള അംഗീകാരം മികച്ചതല്ല എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
സ്വതന്ത്ര പലസ്തീൻ രാജ്യത്തിനുള്ള വ്യക്തമായ സമയപരിധി പ്രമേയത്തിൽ ഇല്ല. പുനർനിർമാണ പുരോഗതിയും പലസ്തീൻ അതോറിറ്റി നടപ്പാക്കുന്ന പരിഷ്‌കരണങ്ങളും അനുസരിച്ചായിരിക്കും ഇക്കാര്യം ചർച്ചക്കെടുക്കുക എന്ന വീക്ഷണമാണ് അവതരിപ്പിച്ചത്.
റഷ്യയും ചൈനയും വിട്ടുനിന്നപ്പോൾ തന്നെ ഖത്തർ, ഈജിപ്ത്, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങൾ പ്രമേയം പാസാകുന്നതിൽ നിർണായക പിന്തുണ നൽകി.
നിയന്ത്രണം യുഎസിന്,
സൈനിക അധികാരം പ്രയോഗിക്കാം
പ്രമേയപ്രകാരം അന്താരാഷ്ട്ര സേന അതിർത്തി സുരക്ഷയും നിരായുധവൽക്കരണവും ഉൾപ്പെടെ വിപുലമായ അധികാരങ്ങൾ കൈവശം വെയ്ക്കും. പദ്ധതി “സ്ഥിരമായ നിരായുധവൽക്കരണം” ഉറപ്പാക്കാൻ സേനയെ അധികാരപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ആവശ്യമായ സാഹചര്യങ്ങളിൽ സൈനിക നടപടി സ്വീകരിക്കാൻ അനുമതിയും ഉറപ്പാക്കിയിട്ടുണ്ട്.
“സേനയുടെ അധികാരം തന്നെ അതിന്റെ നിഷ്പക്ഷത ഇല്ലാതാക്കുന്നതാണ്. മാത്രമല്ല അത് ഇസ്രായേലിന്റെ പക്ഷത്ത് നിന്നുള്ളതാണ്” എന്ന് ഹമാസ് ആരോപിക്കുന്നു. ഗാസയിലെ ജനങ്ങളുടെ രാഷ്ട്രീയ, മനുഷ്യാവകാശ ആവശ്യങ്ങൾ ഒന്നിനും ഇത് ഉത്തരം നൽകുന്നില്ല എന്നും വിമർശനം ഉന്നയിച്ചു.
അന്താരാഷ്ട്ര സേന യുഎൻ മേൽനോട്ടത്തിൽ പ്രവർത്തിക്കണം എന്നാണ് ഹമാസ് ആവശ്യം. ട്രംപ് നയിക്കുന്ന സമാധാനസേനയെ അതിർത്തികളിൽ മാത്രം വിന്യസിക്കണമെന്നും ആവശ്യപ്പെടുന്നു. മാത്രമല്ല ഇവരുടെ പ്രവർത്തനം പലസ്തീനിയൻ സ്ഥാപനങ്ങളോടൊപ്പം ചേർന്ന് മാത്രം ആയിരിക്കണം എന്നും ഹമാസ് നിർദ്ദേശിക്കുന്നു.
ഇന്തോനേഷ്യയും തുർക്കിയും ദ്വിരാഷ്ട്ര രാഷ്ട്ര പരിഹാരത്തിലേക്കുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. തുർക്കി ഗാസയിലെ അന്താരാഷ്ട്ര സേനയിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിക്കയും ചെയ്തു.









0 comments