ഉക്രയ്‌ൻ യുദ്ധം; ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് മാക്രോണും സ്‌റ്റാർമറും

ലണ്ടൻ : റഷ്യയുമായുള്ള യുദ്ധത്തിൽ ഉക്രയ്‌ന് നൽകിവരുന്ന സഹായം തുടരണമെന്ന് ആവശ്യപ്പെടാൻ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറും അമേരിക്കയിലേക്ക്.
മാക്രോൺ തിങ്കളാഴ്ചയും സ്‌റ്റാർമർ വ്യാഴാഴ്ചയും വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഉക്രയ്‌നൊപ്പംനിന്ന് റഷ്യയെ അസ്ഥിരപ്പെടുത്തുക എന്ന സ്ഥിരം നയത്തിൽനിന്ന് വ്യതിചലിച്ച് റഷ്യയോട് കൂടുതൽ അടുക്കുന്ന ട്രംപിന്റെ നിലപാടിൽ അമേരിക്കയുടെ ഉറ്റചങ്ങാതിമാരായ പാശ്ചാത്യ രാഷ്ട്രങ്ങൾ കടുത്ത വിമർശം ഉയർത്തിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം മാക്രോൺ വിളിച്ച യോഗത്തിൽ സ്‌റ്റാർമറടക്കം നിരവധി യൂറോപ്യൻ രാഷ്ട്രത്തലവന്മാർ പങ്കെടുത്തു.
ഉക്രയ്‌നെ കീഴടക്കിയാൽപ്പിന്നെ റഷ്യയെ പിടിച്ചുനിർത്താൻ ആകില്ലെന്ന് മുന്നറിയിപ്പ് നൽകിയ മാക്രോൺ, റഷ്യ ഉക്രയ്‌നിലേക്ക് കടന്നാക്രമണം ആരംഭിച്ചതിന്റെ മൂന്നാംവാർഷിക ദിനത്തിലാണ് വൈറ്റ് ഹൗസിൽ എത്തുന്നത്. ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച ട്രംപിനെ ഏറ്റവും നിശിതമായി വിമർശിച്ചതും മാക്രോൺ ആയിരുന്നു.









0 comments