ഉക്രയ്‌ന്‌ സുരക്ഷയൊരുക്കാൻ 
യുഎസിൽനിന്ന് ആയുധം വാങ്ങും

ഉക്രയ്‌ൻ–റഷ്യ യുദ്ധം ; സമാധാനത്തിന്‌ ത്രികക്ഷി ചർച്ച

Trump Zelensky Meeting
വെബ് ഡെസ്ക്

Published on Aug 20, 2025, 03:45 AM | 2 min read


വാഷിങ്ടണ്‍

ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്‌ അമേരിക്ക–റഷ്യ–ഉക്രയ്‌ൻ സംയുക്ത ചർച്ചയ്‌ക്ക്‌ തീരുമാനം. യുഎസ് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് ഉക്രയ്‌ൻ പ്രസിഡന്റ്‌ വൊളോദിമിർ സെലൻസ്‌കിയുമായും യൂറോപ്യൻ നേതാക്കളുമായും നടത്തിയ ചർച്ചയിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. സെലൻസ്‌കിയും പുടിനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ആദ്യം ക്രമീകരണം ഒരുക്കും. തുടർന്ന്‌ യുഎസ്‌– -റഷ്യ -–ഉക്രയ്‌ൻ ത്രികക്ഷി ചർച്ച നടത്തും. സമാധാന ഉടമ്പടി സാധ്യമാണോ അല്ലയോ എന്ന് രണ്ടാഴ്‌ചയ്‌ക്കകം അറിയാമെന്നും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉക്രയ്ന് സുരക്ഷ ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.


സമാധാനശ്രമത്തിന് ട്രംപിന് നന്ദി അറിയിച്ച സെലൻസ്‌കി, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും സഹായം തേടി. ശാശ്വത സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് സെലൻസ്‌കി വ്യക്തമാക്കി. ത്രികക്ഷി ചർച്ചയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ ധാരണയായാൽ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നും സെലൻസ്‌കി പറഞ്ഞു. അലാസ്‌കയിൽ ട്രംപ്–പുടിൻ കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണ് വൈറ്റ്ഹൗസിൽ സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തിയത്.


അടുത്ത ചർച്ചയിൽതന്നെ വെടിനിർത്തൽ സംബന്ധിച്ച് ധാരണയുണ്ടാകുമെന്ന പ്രതീക്ഷ യൂറോപ്യൻ നേതാക്കൾ പങ്കുവച്ചു. സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങളെയും ഉൾപ്പെടുത്തണമെന്ന് ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ബ്രിട്ടൻ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഫിന്‍ലന്‍ഡ്, യൂറോപ്യന്‍ കമീഷന്‍, നാറ്റോ എന്നിവയുടെ നേതാക്കളും വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു. ചർച്ച ഫലപ്രദമായിരുന്നുവെന്നും അമേരിക്കയുമായി തുടർ ചർച്ചകൾ നടത്തുമെന്നും അധ്യക്ഷനായ യുകെ പ്രധാനമന്ത്രി കെയ്‌ർ സ്റ്റാമർ അറിയിച്ചു.


​യുഎസ്‌ സൈനികരെ അയക്കില്ലെന്ന്‌ ട്രംപ്‌

സംഘർഷം അവസാനിപ്പിക്കാനുള്ള ഉടമ്പടിയുടെ ഭാഗമായി അമേരിക്കൻ സൈനികരെ ഉക്രയ്‌നിലേക്ക്‌ അയക്കില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഫോക്‌സ്‌ ന്യൂസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ പ്രതികരണം. സമാധാന ചർച്ചകളുമായി സഹകരിച്ചില്ലെങ്കിൽ ഉക്രയ്‌ൻ ദുർഘട സാഹചര്യങ്ങളിലൂടെ കടന്നുപോയേക്കാം. സെലൻസ്‌കി വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകണം– ട്രംപ്‌ പറഞ്ഞു.


ഉക്രയ്‌ന്‌ സുരക്ഷയൊരുക്കാൻ 
യുഎസിൽനിന്ന് ആയുധം വാങ്ങും

സുരക്ഷാ ഉടമ്പടിയുടെ ഭാഗമായി അമേരിക്കയിൽനിന്ന്‌ 10,000 കോടി ഡോളറിന്റെ (ഏകദേശം 8.70 ലക്ഷംകോടി രൂപ) ആയുധങ്ങൾ ഉക്രയ്‌ന്‌ വാങ്ങി നൽകാൻ ധാരണയെന്ന്‌ റിപ്പോർട്ട്‌. യൂറോപ്യൻ രാജ്യങ്ങളാണ്‌ ഉക്രയ്‌ന്‌ ആയുധം വാങ്ങാനുള്ള പണം നൽകുകയെന്നാണ്‌ ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട്‌. റഷ്യയുമായുള്ള സമാധാന കരാര്‍ നിലവിൽവന്നാൽ ഉക്രയ്‌ന് സുരക്ഷ ഉറപ്പ് വരുത്തണമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വൊളോദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.


ഉക്രയ്‌നിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ വ്യോമാക്രമണങ്ങളില്‍നിന്ന് രക്ഷിക്കാന്‍ യുഎസില്‍നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം ഉക്രയ്‌ൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ യുഎസ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ഉക്രയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഡോണൾഡ്‌ ട്രംപ്‌ മുൻകൈയെടുത്ത്‌ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഫലത്തിൽ അമേരിക്കയ്‌ക്ക്‌ നേട്ടമുള്ള ആയുധ കരാർകൂടി ഒരുങ്ങുന്നതായാണ്‌ റിപ്പോർട്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home