ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു
ഹൂതികള്‍ക്കെതിരെ കരയുദ്ധം: ചർച്ച നടത്തിയിട്ടില്ലെന്ന് യുഎഇയും സൗദിയും

മനാമ: യമനിൽ ഹൂതി വിമതർക്കെതിരെ കര ആക്രമണത്തെക്കുറിച്ച് അമേരിക്കയുമായി ചർച്ച നടത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ യുഎഇയും സൗദിയും നിഷേധിച്ചു. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് യുഎഇ രാഷ്ട്രീയകാര്യ സഹമന്ത്രി ലന നുസൈബേ വിശേഷിപ്പിച്ചു. റിപ്പോർട്ടുകൾ തെറ്റാണെന്ന് സൗദി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സന, ഹുദെയ്ദ തുറമുഖം, രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവയുടെ നിയന്ത്രണം ഹൂതികളിൽനിന്നും തിരിച്ചുപിടിക്കാൻ യമൻ സൈന്യം കരയുദ്ധം ആസൂത്രണം നടത്തുന്നതായും ഇക്കാര്യം യുഎഇ അമേരിക്കൻ ഉദ്യോഗസ്ഥരുമായി ഉന്നയിച്ചിട്ടുണ്ടെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
അതേസമയം, ഹൂതികൾക്കെതിരെ ആക്രമണം ശക്തിപ്പെടുത്താനായി രണ്ടാമത്തെ യുഎസ് വിമാനവാഹിനിക്കപ്പൽ കാൾ വിൻസൺ യമൻ തീരത്ത് എത്തി. രണ്ട് വിമാന വാഹിനികളിൽനിന്നായി യമനെതിരെ തുടർച്ചയായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം യമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. യമനിലെ റാസ് ഇസ ഫ്യുവൽ പോര്‍ട്ടിന് നേരെയാണ് ആക്രമണം നടന്നത്. ഹൂതികളുടെ ഇന്ധന വിതരണ ശൃംഖല തകര്‍ക്കുക എന്നതായിരുന്നു ആക്രമണ ലക്ഷ്യം.









0 comments