ചുട്ടുപൊള്ളി യൂറോപ്പ്: ഇറ്റലിയിൽ രണ്ട് മരണം

പാരീസ്/ബാഴ്‌സലോണ: യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ഉഷ്‌ണതരംഗം പടരുന്നു. പോർച്ചുഗലിലും സ്‌പെയിനിലും ജൂണിൽ നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ചൂടുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ വ്യത്യസ്‌ത അപകടങ്ങളില്‍ ഇറ്റലിയിൽ രണ്ടുപേർ മരിച്ചു. ഉഷ്‌ണതരംഗം കാരണം പാരീസിൽ ഈഫൽ ടവറിന്റെ മുകൾഭാഗം അടച്ചു.
ജൂലൈ, ആഗസ്‌ത് മാസങ്ങളിലെ സാധാരണ ശരാശരിയിലും കൂടുതലാണ് ചുടെന്ന് സ്‌പെയിനിന്റെ ദേശീയ കാലാവസ്ഥാ ഏജൻസിയായ ഐമെറ്റ് പറഞ്ഞു. ഐബീരിയൻ ഉപദ്വീപിലെ മിക്ക സ്ഥലങ്ങളിലും താപനില 43 ഡിഗ്രി സെൽഷ്യസ് കടന്നു. ജൂണിൽ താപനില 46.6 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയെന്ന് പോർച്ചുഗീസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഫ്രാൻസിൽ അഞ്ചു വർഷത്തിനിടെ ആദ്യമായി പാരീസിലും മറ്റ് 15 പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങൾ ഭാഗികമായോ പൂർണമായോ അടച്ചു. പടിഞ്ഞാറൻ തുർക്കിയയിൽ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് അരലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു.









0 comments