സാമ്പത്തികവർഷത്തിലെ ആദ്യദിനം വിപണിയിൽ നിക്ഷേപകരുടെ നഷ്ടം 4.32 ലക്ഷം കോടി
പകരച്ചുങ്കഭീതിയില്‍ ലോകം, വിപണിയിൽ വൻ വീഴ്‌ച

കൊച്ചി : അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ലോകരാഷ്ട്രങ്ങള്‍ മുള്‍മുനയില്‍. എല്ലാ രാജ്യങ്ങൾക്കുമേലും ആനുപാതികമായ ചുങ്കം ചുമത്തുമെന്നും എന്തുസംഭവിക്കുമെന്ന് കാണട്ടെയെന്നും ട്രംപ് വെല്ലുവിളിച്ചു. അമേരിക്കന്‍ പ്രാദേശിക സമയം ബുധൻ പകൽ മൂന്നിന് (ഇന്ത്യൻ സമയം വ്യാഴം 12.30 എഎം) ട്രംപിന്റെ തീരുവ പ്രഖ്യാപനം ഉണ്ടാകും. വിവിധ രാജ്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏതെല്ലാം ഉൽപ്പന്നങ്ങൾക്ക് അധികചുങ്കം ചുമത്തും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യന്‍ കയറ്റുമതിയുടെ 20 ശതമാനം അമേരിക്കയിലേക്കാണ്. യുഎസ് കാര്‍ഷിക ഉൽപ്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നതിനാല്‍ ‘അന്യായ തീരുവ’ ഈടാക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ട്രംപ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎസ് നീക്കം ഇന്ത്യയ്ക്ക് കനത്ത ആഘാതം സൃഷ്‌ടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓഹരിവിപണി ചൊവ്വാഴ്ച വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്സ് 1.80 ശതമാനവും നിഫ്റ്റി 1.50 ശതമാനവും ഇടിഞ്ഞു. പുതിയ സാമ്പത്തികവര്‍ഷത്തിലെ ആദ്യദിനം സെന്‍സെക്സ് 1390.41 പോയിന്റ് നഷ്ടത്തില്‍ 76024.51ലും നിഫ്റ്റി 353.65 പോയിന്റ് താഴ്ന്ന് 23165.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം മുന്‍ ദിവസത്തെ 413.75 ലക്ഷം കോടിയില്‍നിന്ന് 409.43 ലക്ഷം കോടിയായി. 4.32 ലക്ഷം കോടി രൂപയാണ് ഒറ്റദിവസം നിക്ഷേപകരുടെ നഷ്ടം.
കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നും അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനവും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് പത്ത് ശതമാനവും തീരുവ ചുവത്തുമെന്ന് അധികാരമേറ്റപ്പോള്‍തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങുന്നവർക്ക് 25 ശതമാനവും റഷ്യയിൽനിന്ന് വാങ്ങുന്നവർക്ക് 25 മുതൽ 50 ശതമാനംവരെയും അധികച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ, മാര്‍ച്ചില്‍ 69 ഡോളറിലേക്ക് താഴ്ന്ന എണ്ണവില 74.78 ഡോളറിലേക്ക് കുതിച്ചുകയറി. ആകെ ആവശ്യത്തിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഇത് കനത്ത ആഘാതമാകും.
ഇന്ത്യ തീരുവ കുറയ്‌ക്കുമെന്ന് ട്രംപ്
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഇറക്കുമതിത്തീരുവ ഗണ്യമായി കുറയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക പകരം തീരുവ പ്രഖ്യാപിക്കുന്നതിനുമുമ്പായി ഇളവ് സംബന്ധിച്ച് തീരുമാനിക്കുമെന്ന് കരുതുന്നതായും ട്രംപ് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.









0 comments