ട്രംപിന്റെ വ്യാപാരതീരുവ തടഞ്ഞുകൊണ്ടുള്ള വിധിക്ക് താൽക്കാലിക സ്റ്റേ

പ്രതികാരച്ചുങ്കത്തിൽ കോടതിയുദ്ധം ; ട്രംപിന്റെ നയത്തിൽ കുരുങ്ങി യുഎസ്

Trump's Reciprocal Tariff
വെബ് ഡെസ്ക്

Published on May 30, 2025, 03:45 AM | 1 min read

വാഷിങ്‌ടൺ

ലോകരാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രതികാരചുങ്കം കോടതി യുദ്ധത്തിൽ. ട്രംപിന്റെ പ്രതികാര തീരുവ റദ്ദാക്കിയ അന്താരാഷ്ട്ര വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ഫെഡറൽ കോടതിവിധിക്കെതിരെ വൈറ്റ് ഹൗസിന്റെ അപ്പീൽ മേൽക്കോടതി ഫയലിൽ സ്വീകരിച്ചു.


വ്യാപകമായ വ്യാപാരതീരുവ തടഞ്ഞുകൊണ്ടുള്ള വിധി താൽക്കാലികമായി നിർത്തിവയ്ക്കാൻ അപ്പീൽകോടതി സമ്മതിച്ചു. ഇതോടെ ട്രംപ് പ്രഖ്യാപിച്ച തീരുവകൾ അടിയന്തരമായി റദ്ദാക്കുന്നതിൽനിന്ന് അമേരിക്ക പിൻമാറി. കോടതിയിൽ ഈ പോരാട്ടത്തിൽ തങ്ങൾ വിജയിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. അടിയന്തര അധികാര നിയമപ്രകാരം പ്രതികാരച്ചുങ്കം ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ സാമ്പത്തികനയങ്ങൾക്ക്‌ കനത്ത പ്രഹരമേകി പ്രതികാരച്ചുങ്കം അന്താരാഷ്ട്ര വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ഫെഡറൽ കോടതി തടഞ്ഞത്. ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചുവെന്ന് മൂന്നംഗ ബെഞ്ച്‌ വിധിച്ചു. എല്ലാ രാജ്യങ്ങൾക്കും ഏർപ്പെടുത്തിയ പത്തു ശതമാനം അധികതീരുവ, ചൈന, കാനഡ, മെക്‌സിക്കോ എന്നിവയ്‌ക്കുള്ള ഉയർന്ന ചുങ്കം, ഉരുക്ക്‌, അലുമിനിയം, കാറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കുള്ള പ്രത്യേക തീരുവ എന്നിവയെല്ലാം വിലക്കിയിരുന്നു.


ട്രംപിന്റെ നടപടി ആഗോള സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയും വ്യാപാരപങ്കാളികളെ നിരാശരാക്കുകയും ചെയ്യുമെന്ന് നിരീക്ഷിച്ച കോടതി, രാജ്യത്ത്‌ പണപ്പെരുപ്പം രൂക്ഷമാവുകയും സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്യുമെന്ന ആശങ്കയും ഉയർത്തി. വിധി നടപ്പാക്കാൻ 10 ദിവസത്തെ സമയം നൽകിയിരുന്നു. എന്നാൽ വൈറ്റ്ഹൗസ് അടിയന്തരമായി അപ്പീൽ നൽകിയാണ് സ്റ്റേ വാങ്ങിയത്. അമേരിക്കൻ ബിസിനസ്‌ സ്ഥാപനങ്ങളും സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചതിനെ തുടർന്ന്‌ ഏഴോളം കേസുകൾ നിലവിലുണ്ട്.


യുഎസ്‌ കോൺഗ്രസാണ് നിയമനിർമാണം നടത്തേണ്ടതും തീരുവകൾ അംഗീകരിക്കേണ്ടതും. എന്നാൽ അമേരിക്കയുടെ വ്യാപാരകമ്മിയെ തുടർന്നുള്ള സാഹചര്യം ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന്‌ വാദിച്ചാണ്‌ അടിയന്തരനിയമപ്രകാരം ട്രംപ്‌ ഏകപക്ഷീയമായി തീരുമാനമെടുത്തത്‌. യുഎസ്‌ കോൺ​ഗ്രസ് അം​ഗീകരിക്കുന്നതിന് മുമ്പുതന്നെ തീരുവകൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയുംചെയ്‌തു. അമേരിക്ക നിലവിൽ ഡസൻകണക്കിന് രാജ്യങ്ങളുമായി വെവ്വേറെ വ്യാപാര കരാറുകൾ ചർച്ചചെയ്യുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home