യൂറോപ്യൻ നേതാക്കളും സെലൻസ്‍കിക്ക് ഒപ്പമുണ്ടാകും
സെലൻസ്‍കി - ട്രംപ് കൂടിക്കാഴ്ച ഇന്ന്

വാഷിങ്‌ടൺ
ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‍കിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച. കഴിഞ്ഞദിവസം അലാസ്‍കയിൽവച്ച് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ ഉക്രയ്ന്‍ വിഷയത്തില്‍ അന്തിമ ധാരണയില്‍ എത്തിയിരുന്നില്ല. സമാധാന കരാർ യാഥാർഥ്യമാക്കേണ്ടത് സെലൻസ്കിയുടെ ഉത്തരവാദിത്വമാണെന്നാണ് ട്രംപ് പ്രതികരിച്ചത്.
ബ്രസൽസിൽ എത്തി യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സെലൻസ്‍കി വാഷിങ്ടണിൽ എത്തുന്നത്. ഉക്രയ്‌നും യൂറോപ്പിനും സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ സെലൻസ്‍കിയും ഉർസുലയും പറഞ്ഞു. ഡൊണെട്സ്ക് വിട്ടുകിട്ടണമെന്ന പുടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും സെലൻസ്കി പ്രതികരിച്ചു.
പുടിനുമായുള്ള ചർച്ചയ്ക്കുശേഷം അദ്ദേഹം മുന്നോട്ടുവച്ച ആവശ്യങ്ങൾ ട്രംപ് സെലൻസ്കിയെ അറിയിച്ചിരുന്നു.
മുന്‍കരുതലോടെ സെലന്‍സ്‍കി
കഴിഞ്ഞ സന്ദർശനത്തിലെ മോശം അനുഭവം മുൻനിർത്തി ഒരുപറ്റം യൂറോപ്യൻ നേതാക്കളുടെ അകമ്പടിയോടെയാണ് ഇത്തവണ സെലൻസ്കി ട്രംപിനെ കാണാനെത്തുന്നത്. ഫെബ്രുവരിയിലെ കൂടിക്കാഴ്ചയിൽ സെലൻസ്കിയെ അധിക്ഷേപിക്കുന്ന പെരുമാറ്റമാണ് ട്രംപിൽനിന്നുണ്ടായത്.
ട്രംപുമായി നല്ല ബന്ധത്തിലുള്ള ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്‌റ്റബ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുത്തെ എന്നിവർ സെലൻസ്കിക്കൊപ്പമുണ്ടാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറടക്കം മറ്റുചില രാഷ്ട്രനേതാക്കളും അനുഗമിച്ചേക്കും. പാശ്ചാത്യചേരിയുടെ നിലപാട് ട്രംപിനെ നേരിട്ടറിയിക്കുകയാണ് ഉദ്ദേശ്യം. സെലൻസ്‍കിയെ മാറ്റിനിർത്തി പുടിനുമായി ഉക്രയ്‌ൻ വിഷയം ചർച്ച ചെയ്തതിലെ അതൃപ്തിയും അറിയിക്കും. ഉക്രയ്‌ൻ വിഷയത്തിൽ ട്രംപും യൂറോപ്യൻ യൂണിയനും തമ്മിൽ ഭിന്നത രൂക്ഷമാണ്.
ഉക്രയ്‌ന് അമേരിക്കയുടെ സംരക്ഷണം: വിറ്റ്‌കോഫ്
അമേരിക്കയും യൂറോപ്യൻ സഖ്യരാഷ്ട്രങ്ങളും ഉക്രയ്‌ന് സംരക്ഷണം നൽകുന്നതിന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സമ്മതം അറിയിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ്. കഴിഞ്ഞ ദിവസം അലാസ്കയിൽ ട്രംപും പുടിനും നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമാക്കുകയായിരുന്നു വിറ്റ്‌കോഫ്.
സുരക്ഷാ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഉക്രയ്‌ൻ നാറ്റോ അംഗത്വത്തിനായി ശ്രമിക്കുന്നത്. അംഗരാജ്യങ്ങളിൽ ഒന്നിന് നേരെയുണ്ടാകുന്ന സായുധാക്രമണം സഖ്യത്തിനുനേരെയുള്ളതായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കും എന്നാണ് നാറ്റോ തത്വം. ഇതിന് സമാനമായ സംരക്ഷണം അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രയ്‌ന് നൽകുമെന്നും വിറ്റ്‌കോഫ് വ്യക്തമാക്കി.
ഉക്രയ്‌ൻ നാറ്റോയുടെ ഭാഗമാകുന്നത് അംഗീകരിക്കില്ലെന്ന തുടക്കംമുതലുള്ള നിലപാട് അലാസ്ക യോഗത്തിലും പുടിൻ ആവർത്തിച്ചെന്ന് വ്യക്തം. നാറ്റോയ്ക്കു സമാനമായ സംരക്ഷണം എന്നതിലൂടെ ഉക്രയ്‌ന്റെ അംഗത്വ അപേക്ഷ പിൻവലിക്കണമെന്ന റഷ്യൻ ആവശ്യം അംഗീകരിക്കുകയാണ് ട്രംപെന്നും വിലയിരുത്തലുകളുണ്ട്. തിങ്കളാഴ്ച വാഷിങ്‌ടണിൽ ട്രംപ് ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇത് പ്രധാന ചർച്ചാവിഷയമാകും.









0 comments