സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു മുമ്പാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്
ഉക്രയ്‌ന് നാറ്റോ അംഗത്വം നൽകില്ല ; ക്രിമിയ ഉപേക്ഷിക്കണം : ട്രംപ്

വാഷിങ്‌ടൺ
ഉക്രയ്‌ന് നാറ്റോ അംഗത്വം നൽകാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുമായും യൂറോപ്യൻ നേതാക്കളുമായും വൈറ്റ്‌ഹൗസിൽ കൂടിക്കാഴ്‌ച നടത്തുംമുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ ഉക്രയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തിന് ഏറ്റുമുട്ടൽ തുടരാം. ഒബാമ നല്‍കിയ ക്രിമിയ തിരികെ ലഭിക്കില്ല. ഉക്രയ്ന്‍ നാറ്റോയില്‍ ചേരുകയുമില്ല’–ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഉക്രയ്‌ന് നാറ്റോ അംഗത്വം നൽകില്ലെന്നും ക്രിമിയ ഉക്രയ്‌ന് തിരികെ നൽകുംവിധം കരാർ ഉണ്ടാകില്ലെന്നും വ്യക്തമായ സൂചന ട്രംപ് നൽകി. ഉക്രയ്‌ന് നാറ്റോ അഗത്വം നൽകുന്നതിനെ റഷ്യ ശക്തമായി എതിർത്തിരുന്നു. വെള്ളിയാഴ്‌ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമി പുടിനുമായി അലാസ്‌കയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്കയും യൂറോപ്യൻ സഖ്യരാഷ്ട്രങ്ങളും ഉക്രയ്‌ന് സംരക്ഷണം നൽകുന്നതിന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സമ്മതം അറിയിച്ചതായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാറ്റോ അംഗത്വത്തിന് പകരം അമേരിക്കയും യൂറോപ്യൻ രാഷ്‌ട്രങ്ങളും ഉക്രയ്‌ന് സംരക്ഷണം നൽകാമെന്ന ഉറപ്പാണ് ട്രംപും യുഎസും മുന്നോട്ടുവയ്‌ക്കുന്നത്.
തിങ്കളാഴ്‌ച പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. അലാസ്‌കയിൽ ട്രംപുമായി നടന്ന കൂടിക്കാഴ്‌ചയുടെ വിവരങ്ങൾ പങ്കുവച്ചതായി മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.









0 comments