യുദ്ധം തീർക്കാൻ അമേരിക്കയുമായി നിർബന്ധിത കരാർ
ഇന്ത്യാ പാക് സംഘർഷം അവസാനിപ്പിക്കാൻ വ്യാപാര കരാർ ഉപാധിയാക്കി; ഫെഡറൽ കോടതിയിൽ യുഎസ് സത്യവാങ്മൂലം


എൻ എ ബക്കർ
Published on May 29, 2025, 06:08 PM | 4 min read
ഇന്ത്യാ- പാകിസ്ഥാൻ സംഘര്‍ഷം അവസാനിപ്പിക്കാൻ വ്യാപാരക്കരാര്‍ ഉപയോഗിച്ചുവെന്ന് യു എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് യു എസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി. ട്രംപിന്റെ അവകാശ വാദങ്ങളിലും പ്രസ്താവനകളിലും മാത്രമായി ഒതുങ്ങി നിന്ന കരാറിൽ ഔദ്യോഗിക സ്ഥിരീകരണം.
ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തൽ സാധ്യമായതിന് പിന്നിൽ ഇടനില പ്രവർത്തനം നടത്തുകയും ഇതിന് വ്യാപാര കരാർ ഉപാധിവെക്കുകയും ചെയ്തതായുള്ള ട്രംപിന്റെ വെളിപ്പെടുത്തൽ അവകാശവാദം മാത്രമായി ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ് ഹൊവാര്‍ഡ് ലുട്‌നികിന്റെ വെളിപ്പെടുത്തൽ.
പ്രസിഡന്റ് ഇടപെട്ട് ഇരുരാജ്യങ്ങളുമായും യു എസ് വ്യാപാരബന്ധത്തിന് സമ്മതിപ്പിച്ചതിനാലാണ് ഇടനില നിന്നത് എന്നാണ് ഹൊവാര്‍ഡ് ലുട്‌നിക് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുത്. അതുവഴി ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാകുമായിരുന്ന യുദ്ധം ഒഴിവാക്കാനായി എന്നും ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്കെതിരായ കേസുകളിൽ വാദം കേള്‍ക്കവേ ഹൊവാര്‍ഡ് ലുട്‌നിക് കോടതിയെ ബോധിപ്പിച്ചു.
വെളിപ്പെടുത്തൽ രഹസ്യ ചർച്ചകൾക്കിടെ
വ്യാപാര ചർച്ചകൾക്കായി അടുത്ത മാസം യുഎസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇന്ത്യ സന്ദർശിക്കാനിരിക്കയാണ്. ജൂൺ 25 ഓടെ ഇരു രാജ്യങ്ങളും ഇടക്കാല വ്യാപാര കരാറിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട് ഉണ്ടായിരുന്നു. ഇന്ത്യയുടെ വ്യാപാര വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയിരുന്നു.

വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ ഉണ്ടായിരുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും വാർത്തകൾ ഉണ്ടായിരുന്നു. ഈ വർഷം സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ നിർദ്ദിഷ്ട ബിടിഎയുടെ ആദ്യ ഘട്ടം കരാറാവും എന്നും ചൂണ്ടികാണിക്കപ്പെട്ടു.
ഇന്ത്യ അമേരിക്ക കണ്ണുവെച്ച വൻ വിപണി
അമേരിക്കയുമായി 2024-25 ൽ ഇന്ത്യയ്ക്ക് 41.18 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള ഈ വ്യത്യാസം. 2023-24ൽ ഇത് 35.32 ബില്യൺ യുഎസ് ഡോളറും, 2022-23ൽ 27.7 ബില്യൺ യുഎസ് ഡോളറും, 2021-22ൽ 32.85 ബില്യൺ യുഎസ് ഡോളറും, 2020-21ൽ 22.73 ബില്യൺ യുഎസ് ഡോളറുമായി കുറഞ്ഞു. അമേരിക്കയെ സംബന്ധിച്ച ഈ വ്യാപാര കമ്മിയെക്കുറിച്ച് യുഎസ് ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെ 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം 500 ബില്യൺ യുഎസ് ഡോളറായി ഉയർത്താൻ ലക്ഷ്യമിട്ടു.
യുഎസ് സര്‍ക്കാര്‍ കോടതിയില്‍ നുണ പറഞ്ഞിട്ടുണ്ടോ, അതോ ഈ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളുണ്ടോ
ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് പിന്നില്‍ ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്ന് വിഷയം ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകനായ രാജീവ് സര്‍ദേശായി ട്വീറ്റ് ചെയ്തു. യുഎസ് സര്‍ക്കാര്‍ കോടതിയില്‍ നുണ പറഞ്ഞിട്ടുണ്ടോ, അതോ ഈ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളുണ്ടോ? എന്നും സര്‍ദേശായി ട്വീറ്റില്‍ ചോദിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തൽ കരാര്‍ സാധ്യമാക്കാന്‍ വ്യാപാരക്കരാര്‍ വാഗ്ദാനം ചെയ്തിരുന്നു എന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തുടര്‍ച്ചയായി തള്ളിക്കളഞ്ഞിരുന്നു. വെടിനിര്‍ത്തണമെന്ന ആവശ്യം പാകിസ്താനാണ് ഉന്നയിച്ചതെന്നും അതനുസരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഇന്ത്യ വിശദീകരിച്ചിരുന്നു.
സാധാരണ കർഷകരെ തകർക്കുന്ന ജനിതക വിത്തുകൾ വരെ
ഇപ്പോൾ 131.84 ബില്യൺ യുഎസ് ഡോളറിന്റെ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരത്തോടെ, 2024-25 ൽ തുടർച്ചയായ നാലാം വർഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് തുടരുകയാണ്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും, ഇറക്കുമതിയിൽ 6.22 ശതമാനവും, രാജ്യത്തിന്റെ മൊത്തം ചരക്ക് വ്യാപാരത്തിൽ 10.73 ശതമാനവും യുഎസിന്റെതാണ്. ഇതിൽ ഇന്ത്യയെ കൂടുതൽ ചരക്കുകളുടെ ഇറക്കമതിക്ക് പ്രേരിപ്പിക്കുന്ന നയതന്ത്ര സമ്മർദ്ദം അമേരിക്ക തുടരുകയായിരുന്നു.
വ്യാവസായിക ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈലുകൾ (പ്രത്യേകിച്ച് വൈദ്യുത വാഹനങ്ങൾ), വൈനുകൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, പാലുൽപ്പന്നങ്ങൾ, ആപ്പിൾ തുടങ്ങിയ പഴങ്ങൾ എന്നിവയ്ക്ക് പുറമെ ജിഎം (ജനിതകമാറ്റം വരുത്തിയ) വിളകൾക്ക് കൂടി തീരുവ ഇളവുകൾക്ക് വേണ്ടി സമ്മർദ്ദം ശക്തമാണ്. ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഇന്ത്യയിൽ അസംഘടിത കാർഷിക മേഖലയിൽ വലിയ ആശങ്ക വിതച്ചതാണ്. ഒപ്പം തീറ്റപുൽ പുൽ ഇറക്കുമതിവരെ ലക്ഷ്യം വെക്കുന്നു.
തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ, പ്ലാസ്റ്റിക്ക് വസ്തുക്കൾ, രാസവസ്തുക്കൾ, ചെമ്മീൻ, എണ്ണ വിത്തുകൾ, രാസവസ്തുക്കൾ, മുന്തിരി, വാഴപ്പഴം തുടങ്ങിയവയാണ് ഇന്ത്യയ്ക്ക് കയറ്റുമതിക്ക് പകരം അനുമതി നൽകിയിരുന്നത്.
ട്രംപിന്റെ വ്യാപാര തന്ത്രങ്ങൾ സമ്മതിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബീയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്ത് എന്നിവരും ഫെഡറൽ കോടതയിൽ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്ക് എതിരായി ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കവേയാണ് യു എസ് സര്‍ക്കാരിന്റെ സത്യവാങ്മൂലങ്ങൾ ഉണ്ടായത്. പ്രതികാര ചുങ്ക നയങ്ങൾ മൂലം യുഎസിലേക്കുള്ള ഇറക്കുമതിച്ചെലവ് വർധിക്കുകയും കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂടുകയും ചെയ്ത പശ്ചാത്തലത്തിൽ 5 ചെറുകിട കമ്പനികളും യുഎസിലെ വിവിധ സംസ്ഥാന ഭരണകൂടങ്ങൾക്കൊപ്പം കോടതിയെ സമീപിച്ചു. മാന്‍ഹാട്ടനിലെ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിലാണ് വാദം കേട്ടത്.

തന്ത്രങ്ങൾ പൊളിഞ്ഞപ്പോൾ മറ്റു രാജ്യങ്ങളുടെ തർക്കങ്ങളും
യുഎസിന്റെ കനത്ത വ്യാപാരക്കമ്മി (trade deficit) തടയുകയാണ് പ്രതികാര ചുങ്കത്തിന്റെ ലക്ഷ്യമെന്നായിരുന്നു ട്രംപിന്റെ വാദം. ഇത് പൊളിഞ്ഞതോടെയാണ് നിർബന്ധിത വ്യാപാര കരാറുകൾ പ്രയോഗിക്കാനുള്ള അവസരങ്ങൾ തേടിയത്. പ്രതികാര ചുങ്കം യുഎസും മറ്റ് രാജ്യങ്ങളും തമ്മിലെ വ്യാപാരം താറുമാറാക്കി. ചൈനയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ പല രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധവും മോശമായി. രാജ്യാന്തര വ്യാപാരം, ധനകാര്യ മേഖല, ഓഹരി വിപണികൾ എന്നിവ അസ്ഥിരമായി.
താരിഫ് കേസിൽ ഉത്തരവ് പുറത്തുവന്ന ദിവസം തന്നെയാണ് നിർബന്ധിത വ്യാപാര കരാർ സംബന്ധിച്ച് ബന്ധപ്പെട്ട ഉന്നതർ സത്യവാങ്മൂലവും പുറത്താവുന്നത്. യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ (U.S. Court of International Trade) മൂന്നംഗ ജഡ്ജിമാരുടെ പാനൽ പ്രതികാര ചുങ്കം അസാധുവാക്കുകയായിരുന്നു. ട്രംപ് ചുങ്കം ഏർപ്പെടുത്താൻ ഉപയോഗിച്ച ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് - 1977 (IEEPA) പ്രസിഡന്റിന് മറ്റ് രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി പകരച്ചുങ്കം പ്രഖ്യാപിക്കാനുള്ള അധികാരം നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
അലൂമിനിയം, വാഹനം, വാഹനഘടകങ്ങൾ, സ്റ്റീൽ എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയ അധിക ചുങ്കത്തിന് നിലവിലെ കോടതി ഉത്തരവ് ബാധകമാവില്ല. ഇവയ്ക്കുമേൽ ട്രംപ് മറ്റൊരു നിയമപ്രകാരമാണ് പ്രതികാര ചുങ്കം ഏർപ്പെടുത്തിയത്. ആയതിനാൽ ഇവ ഈ കോടതി വിധിയുടെ പരിധിയിൽ വരില്ല. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുമായി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലായതിനാൽ പ്രതികാര ചുങ്കം ഏർപ്പെടുത്തിയ അധികാരം സാധൂകരിക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
ട്രംപിന്റെ നടപടികളുടെ പ്രത്യാഘാതം കുറയ്ക്കാൻ ഇന്ത്യപോലുള്ള രാജ്യങ്ങളെ അമേരിക്കൻ ഉല്പന്നങ്ങൾ തള്ളാനുള്ള കോളനിയാക്കി മാറ്റുന്ന തന്ത്രമാണ് പിന്നാലെ ഒരുങ്ങുന്നത്. ഇതിന് വെടി നിർത്തൽ ഇടനില പോലും ഉപാധിയാക്കിയ സാഹചര്യം അന്താരാഷ്ട്ര നയതന്ത്ര മേഖലകളിലും പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിടുകയാണ്.









0 comments