പത്ത് ശതമാനം അധിക തീരുവ ചുമത്തും; കാനഡയ്ക്ക് ഭീഷണിയുമായി ട്രംപ്

donald trump
വെബ് ഡെസ്ക്

Published on Oct 26, 2025, 10:22 AM | 1 min read

ന്യൂയോർക്ക് : വീണ്ടും തീരുവ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തവണ കാനഡയ്ക്കെതിരെയാണ് ട്രംപിന്റെ ഭീഷണി. ഒന്റാറിയോ പ്രവിശ്യ സംപ്രേഷണം ചെയ്ത താരിഫ് വിരുദ്ധ ടെലിവിഷൻ പരസ്യത്തിന്റെ പേരിൽ കനേഡിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനം കൂടി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് ട്രംപ് പറഞ്ഞത്.


മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ വാക്കുകൾ ഉപയോഗിച്ചാണ് പരസ്യത്തിൽ യുഎസ് താരിഫുകളെ വിമർശിച്ചത്. ഇതിൽ പ്രകോപിതനായ ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിക്കുമെന്ന് പറഞ്ഞു. വാരാന്ത്യത്തിനുശേഷം പരസ്യം പിൻവലിക്കുമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. വേൾഡ് സീരീസിന്റെ ആദ്യ ഗെയിമിൽ വെള്ളിയാഴ്ച രാത്രിയാണ് പരസ്യം പ്രദർശിപ്പിച്ചത്. "അവരുടെ പരസ്യം ഉടനടി പിൻവലിക്കേണ്ടതായിരുന്നു, പക്ഷേ ഇന്നലെ രാത്രി വേൾഡ് സീരീസിനിടെ അത് പ്രദർശിപ്പിക്കാൻ അവർ അനുവദിച്ചു. ഇത് തട്ടിപ്പാണ്. അതിനാൽ കാനഡയുടെ തീരുവ 10 ശതമാനം കൂടി വർധിപ്പിക്കാൻ പോവുകയാണ് " ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.


എന്നാൽ വർദ്ധനവ് എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകുമോ എന്നോ വ്യക്തമല്ല. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് നിലവിൽ 35 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 50 ശതമാനമാണ് നികുതി. ഊർജ്ജ മേഖലയ്ക്ക് 10 ശതമാനം നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസ്-കാനഡ-മെക്സിക്കോ കരാറിന്റെ പരിധിയിൽ വരുന്ന മറ്റ് ഉൽപ്പന്നങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. റീഗന്റെ നിലപാടിനെ തെറ്റായി ചിത്രീകരിച്ചുകൊണ്ടാണ് പരസ്യം വന്നതെന്നാണ് ട്രംപിന്റെ വാദം. റീ​ഗന്റെ 1987 ലെ പ്രസംഗത്തിന്റെ ഭാ​ഗമാണ് പരസ്യത്തിൽ ഉപയോ​ഗിച്ചത്. യുഎസ് സുപ്രീം കോടതിയെ സ്വാധീനിക്കുക എന്നതാണ് പരസ്യത്തിന്റെ ലക്ഷ്യമെന്നും ട്രംപ് ആരോപിക്കുന്നു.


താരിഫുകൾ ചുമത്താൻ ട്രംപിന് അധികാരമുണ്ടോ എന്ന് തീരുമാനിക്കാൻ സാധ്യതയുള്ള വാദങ്ങൾ അടുത്ത മാസം യുഎസ് സുപ്രീംകോടതിയിൽ നടക്കാനിരിക്കെ പരസ്യം പുറത്തുവന്നതാണ് ട്രംപിനെ പ്രകോപിതനാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Home