ട്രംപും മസ്കും തമ്മിൽ പരസ്യ പോര് മുറുകുന്നു
ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണച്ചാൽ 'ഗുരുതരമായ പ്രത്യാഘാതങ്ങൾ' നേരിടേണ്ടിവരും; മസ്കിനോട് ട്രംപ്

വാഷിങ്ടൺ: എലോൺ മസ്‌കുമായുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മസ്കുമായുള്ള ബന്ധം നന്നാക്കാൻ തനിക്ക് ആഗ്രഹമില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകളെ സഹായിക്കാൻ ശ്രമിച്ചാൽ മസ്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
മസ്‌കുമായി ഒരു ഒത്തുതീർപ്പിനും പദ്ധതിയില്ലെന്ന് എൻബിസിചാനലിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒയുമായുള്ള ബന്ധം അവസാനിപ്പിച്ചോ എന്ന അവതാരകന്റെ ചോദ്യത്തിന് ഞാൻ അങ്ങനെ കരുതുന്നു എന്നാണ് ട്രംപ് മറുപടി നൽകിയത്.
2026 ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങളെയും സ്ഥാനാർഥികളെയും മസ്‌ക് പിന്തുണച്ചേക്കുമെന്ന പ്രചാരണങ്ങൾക്കിടയിലാണ് ട്രംപിന്റെ മറുപടി. "അങ്ങനെ ചെയ്‌താൽ അതിനുള്ള പ്രത്യാഘാതങ്ങൾ അദ്ദേഹം അനുഭവിക്കേണ്ടിവരും" എന്ന് എൻബിസി ചാനലിനോട് ട്രംപ് പറഞ്ഞു. എന്നാൽ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് പങ്കുവെക്കാൻ ട്രംപ് വിസമ്മതിച്ചു. സർക്കാരിന്റെ പ്രധാന കരാറുകാരൻ എന്ന നിലയിൽ മസ്‌കിന്റെ ബിസിനസുകൾക്ക് നിരവധി ലാഭകരമായ ഫെഡറൽ കരാറുകളുണ്ട്.
ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനോടുള്ള പരസ്യ വിയോജിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ മസ്ക്ക് അറിയിച്ചിരുന്നു. ബിൽ ഫെഡറൽ കമ്മി വർദ്ധിപ്പിക്കുമെന്ന് മസ്‌ക് മുന്നറിയിപ്പ് നൽകി. പിന്നാലെ ട്രംപും മസ്‌കും സോഷ്യൽ മീഡിയയിൽ കടുത്ത വ്യക്തിപരമായ ആക്രമണങ്ങൾ നടത്താൻ തുടങ്ങി. ട്രംപിനെതിരെയുള്ള മസ്കിന്റെ നീക്കത്തെ ഒരു വലിയ തെറ്റ് എന്നാണ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വിശേഷിപ്പിച്ചത്. മസ്ക് ഒടുവിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും വാൻസ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെ മസ്കിനെതിരെ കടുത്ത നടപടികളുമായി ട്രംപ് മുന്നോട്ട് പോകുമെന്നാണ് വിവരം. മസ്കിന് നൽകിയ സർക്കാർ കരാറുകളും സർക്കാർ സബ്‌സിഡികളും വെട്ടിക്കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 22 ബില്യൺ ഡോളറിന്റെ സ്പേസ് എക്സ് കരാറുകളെയും ഇത് ബാധിച്ചേക്കും. പ്രശ്നപരിഹാരത്തിന് ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് മുമ്പ് തന്നെ തള്ളിയിരുന്നു. മസ്കിനെ ഭ്രാന്തനായ മനുഷ്യനെന്ന് വിളിച്ച ട്രംപ് അയാളോട് സംസാരിക്കാൻ താൽപര്യമില്ലെന്നും പരസ്യമായി പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് കരാറുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം.
തെരഞ്ഞെടുപ്പ് കാലം മുതൽ റിപ്പബ്ലിക്കൻ പാർടിക്ക് ശക്തമായ പിന്തുണ നൽകിയിരുന്ന മസ്‌ക് ട്രംപിന്റെ വലംകൈയായി വൈറ്റ്‌ഹൗസിൽ ഉപദേഷ്ടാവുമായി പ്രവർത്തിക്കുകയായിരുന്നു. തെറ്റിപ്പിരിഞ്ഞശേഷം ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയും മസ്‌ക് തന്റെ എക്‌സിലൂടെയും പരസ്പരം വിമർശിക്കുകയും പരിഹസിക്കുകയുമാണ്. കൂടാതെ ട്രംപ് തന്റെ ടെസ്‍ല കാർ വിൽക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഭരണനിർവഹണം മെച്ചപ്പെടുത്താനുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് എഫിഷ്യൻസിയുടെ (ഡോജ്) ചുമതല നൽകിയാണ് ട്രംപ് മസ്കിനെ ഒപ്പം നിർത്തിയിരുന്നത്. എന്നാൽ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന പേരിലിറങ്ങിയ ധനവിനിയോഗ ബില്ലിന്റെ പേരിലാണ് ഇരുവരും തമ്മിൽ അകലാൻ തുടങ്ങിയതെന്നാണ് വിവരം. ടെസ്‍ലയുടെ ഓഹരികൾ ഇടിഞ്ഞതിനു പിന്നാലെയാണ് താൻ ഡോജ് വിടുന്നതെന്ന് മസ്ക് പറഞ്ഞെങ്കിലും ഇരുവർക്കുമിടയിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു.
ട്രംപിന്റെ ബില്ലിനെ വെറുപ്പുളവാക്കുന്നത് എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. എക്സ് പോസ്റ്റുകളിലൂടെയാണ് മസ്ക് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിശേഷിപ്പിച്ചത്. ക്ഷമിക്കണം, പക്ഷേ എനിക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല,. ഈ വമ്പിച്ച, അതിരുകടന്ന, ധനവിനിയോഗ ബിൽ വെറുപ്പുളവാക്കുന്നയാണ്. ഇതിന് വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു: നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം - മസ്ക് എക്സിൽ കുറിച്ചു. അടുത്ത വർഷം നവംബറിൽ, അമേരിക്കൻ ജനതയെ വഞ്ചിച്ച എല്ലാ രാഷ്ട്രീയക്കാരെയും ഞങ്ങൾ പുറത്താക്കുമെന്നും മറ്റൊരു പോസ്റ്റിൽ മസ്ക് പറഞ്ഞു. പിന്നാലെയാണ് ട്രംപിന്റെ ഭീഷണിയും ഉയരുന്നത്.









0 comments