വീണ്ടും പ്രതികാരനടപടി; ഹാർവഡിൽ വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ മൂല്യം പാലിക്കാത്ത വിദ്യാർഥികളെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നതടക്കം ട്രംപ് മുന്നോട്ടുവച്ച നിർദേശങ്ങൾ സർവകലാശാല തള്ളിയതിന്റെ പ്രതികാരമായാണ് നടപടി. നേരത്തെ സർവകലാശാലയ്ക്കുള്ള ചില സാമ്പത്തിക സഹായങ്ങൾ മരവിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് വിദേശ വിദ്യാർഥികൾക്കുള്ള നിയന്ത്രണം.
സർവകലാശാലയിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. വിഷയം സംബന്ധിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സർവകലാശാലയ്ക്ക് കത്ത് അയച്ചു. വരുന്ന അധ്യയന വർഷത്തിന് മുമ്പ് സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം സർട്ടിഫിക്കേഷൻ വീണ്ടെടുക്കാൻ ഹാർവാർഡ് ആഗ്രഹിക്കുന്നെങ്കിൽ ആവശ്യമായ വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ നൽകണമെന്നും കത്തിൽ പരാമർശിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം നിലവിലുള്ള വിദ്യാർഥികളെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാൻ നിർബന്ധിതരാക്കും. അല്ലാത്തപക്ഷം അവരുടെ വിസയ്ക്ക് നിയന്ത്രണമുണ്ടാകുമെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അമേരിക്കയിലെ വിവിധ പഠന കേന്ദ്രങ്ങളിൽ വിദേശ വിദ്യാർഥികളെ സ്വീകരിക്കുന്നത് നിരോധിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, പ്രതിവർഷം 500-800 ഇന്ത്യൻ വിദ്യാർഥികളും സ്കോളേഴ്സും ഹാർവാർഡിൽ പഠിക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള 788 വിദ്യാർഥികൾ ഹാർവാർഡ് സർവകലാശാലയിൽ ചേർന്നിട്ടുണ്ട്.









0 comments