കാനഡയ്ക്ക് 50 ശതമാനം ചുങ്കം ചുമത്തി ട്രംപ്

വാഷിങ്‌ടൺ: സ്വന്തം കാബിനെറ്റിൽനിന്നുള്ള എതിർപ്പും അവഗണിച്ച് വ്യാപാരയുദ്ധം കടുപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിൽനിന്നുള്ള അലുമിനിയത്തിനും സ്‌റ്റീലിനും 50 ശതമാനം ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചു. മറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം പ്രഖ്യാപിച്ചിരുന്ന 25 ശതമാനം ചുങ്കമാണ് ഇരട്ടിയാക്കിയത്. അമേരിക്കയിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25 ശതമാനം സർചാർജ് ചുമത്തിയ കാനഡ പ്രവിശ്യ ഒണ്ടാരിയോയ്ക്കുള്ള മറുപടിയാണ് ഇതെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ബുധൻ മുതൽ പ്രാബല്യത്തിലാകും. കാനഡ അമേരിക്കയുടെ അമ്പത്തൊന്നാം സംസ്ഥാനമാവുകയാണ് പ്രശ്‌നങ്ങൾക്ക് ഏക പരിഹാരമെന്നും ട്രംപ് കുറിച്ചു. അതേസമയം, വ്യാപാരയുദ്ധം രൂക്ഷമാക്കുന്നത് അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് സാമ്പത്തികവിദഗ്‌ധർ മുന്നറിയിപ്പ് നൽകി. വിലക്കയറ്റം രൂക്ഷമാകും. സങ്കീർണമായ ദിനങ്ങളാണ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നതെന്ന് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് പറഞ്ഞു.









0 comments