പ്രതിഷേധം ശമിച്ചു; വേട്ടയാടൽ തുടര്‍ന്ന് ട്രംപ്: ലൊസ് ആഞ്ചലസിൽ കൂടുതൽ സൈനികരെ വിന്യസിച്ചു

PHOTO CREDIT: X
ലൊസ് ആഞ്ചലസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നു. വൈറ്റ് ഹൗസും രാജ്യത്തെ ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ശമിച്ച സാഹചര്യത്തിലും ലൊസ് ആഞ്ചലസിലേക്ക് 2,000 നാഷണൽ ഗാർഡുകളെ കൂടി വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടു. 700 മറൈൻ സൈനികരെയും പ്രദേശത്തേക്ക് അയച്ചതായി അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്റഗൺ അറിയിച്ചു.
പ്രതിഷേധം ആരംഭിച്ചതിനുശേഷം 4,000 നാഷണൽ ഗാർഡുകൾ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിൽ രണ്ട് തവണകളായി 2000 വീതം ഗാർഡുകളെ ട്രംപ് ഭരണകൂടം നിയോഗിക്കുകയായിരുന്നു. പ്രദേശത്തെ കുടിയേറ്റ പ്രതിഷേധക്കാരോട് ഒഴിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ ഇത്തരമൊരു സൈനിക ഇടപെടലിന് ഉത്തരവിട്ടത്.
സൈനികരെ വിന്യസിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. ലൊസ് ആഞ്ചലസിൽ സൈനികരെ സജീവമാക്കുന്ന ട്രംപിന്റെ നടപടിയെ "വിഭ്രാന്തി നിറഞ്ഞ ഫാന്റസി" എന്നാണ് ന്യൂസം വിശേഷിപ്പിച്ചത്. പ്രദേശത്ത് 800 സംസ്ഥാന, പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ കൂടി വിന്യസിക്കുമെന്ന് ന്യൂസം പ്രഖ്യാപിച്ചു. പ്രതിഷേധം നിയന്ത്രിക്കാൻ ട്രംപ് നാഷണൽ ഗാർഡിനെ വിന്യസിച്ചതിനെതിരെ കലിഫോർണിയ ഗവർണർ കേസ് ഫയൽചെയ്തിട്ടുണ്ട്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുടിയേറ്റ നിയന്ത്രണം കർശനമായി നടപ്പാക്കുന്നതിനെച്ചൊല്ലി സുരക്ഷാസേനയും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ഞായർ അർധരാത്രി മുതൽ ശമിച്ചു. എന്നിരുന്നാലും പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി ആളുകളെ ഇതിനകം അറസ്റ്റ് ചെയ്തു. ലോസ് ആഞ്ചലസിന്റെ ചില ഭാഗങ്ങളിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
വെള്ളിയാഴ്ച അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് 44 പേരെയാണ് അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ ഗ്രേറ്റർ ലോസ് ആഞ്ചലസിൽ 77 പേരെയും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സൻ ഫ്രാൻസിസ്കോയിൽ കുറഞ്ഞത് 60 പേരെ അറസ്റ്റ് ചെയ്തു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൗരന്മാർക്ക് ജാഗ്രതാമുന്നറിയിപ്പ് നൽകി.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഒരുലക്ഷം അറസ്റ്റ് രേഖപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇമിഗ്രേഷൻ റെയ്ഡുകൾ ശക്തമാക്കിയത്. അതിനിടെ, പന്ത്രണ്ട് രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇന്നലെ നിലവിൽവന്നു. "ഭീകരരെ’ ഇറക്കുമതി ചെയ്യുന്നത് തടയാൻ അത്യാവശ്യമാണെന്ന് അവകാശപ്പെട്ടാണ് ട്രംപ് കഴിഞ്ഞയാഴ്ച യാത്രാവിലക്ക് പ്രഖ്യാപിച്ചത്.
അഫ്ഗാനിസ്ഥാൻ, ഇറാൻ, ലിബിയ, യെമൻ, ഛാഡ്, എറിത്രിയ, ഇക്വറ്റോറിയൽ ഗിനി, ഹെയ്‌തി, മ്യാൻമർ, കോംഗോ റിപ്പബ്ലിക്, സൊമാലിയ, സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരർക്ക് ഉത്തരവ് ബാധകമാണ്. ക്യൂബ, വെനസ്വേല, ലാവോസ്, ബുറുണ്ടി, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.









0 comments