അടി തുടർന്ന് മസ്കും ട്രംപും: മസ്കിന് നൽകിയ കരാറുകൾ വെട്ടിക്കുറയ്ക്കാൻ ട്രംപ്

വാഷിങ്‌ടൺ : വൈറ്റ്‌ഹൗസിന്റെ പടിയിറങ്ങിയ ടെസ്‍ല മേധാവി ഇലോൺ മസ്‌കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ‘അടി’ തുടരുന്നു. ഇരുവരും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെ മസ്കിനെതിരെ കടുത്ത നടപടികളുമായി ട്രംപ് മുന്നോട്ട് പോകുമെന്നാണ് വിവരം. മസ്കിന് നൽകിയ സർക്കാർ കരാറുകളും സർക്കാർ സബ്‌സിഡികളും വെട്ടിക്കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 22 ബില്യൺ ഡോളറിന്റെ സ്പേസ് എക്സ് കരാറുകളെയും ഇത് ബാധിച്ചേക്കും. പ്രശ്നപരിഹാരത്തിന് ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് മുമ്പ് തന്നെ തള്ളിയിരുന്നു. മസ്കിനെ ഭ്രാന്തനായ മനുഷ്യനെന്ന് വിളിച്ച ട്രംപ് അയാളോട് സംസാരിക്കാൻ താൽപര്യമില്ലെന്നും പരസ്യമായി പറഞ്ഞു. ഇതിനു ശേഷമാണ് കരാറുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമെന്നാണ് വിവരം. ‘ബജറ്റിൽ കോടിക്കണക്കിന് ഡോളർ ലാഭിക്കാനുള്ള എളുപ്പ വഴി ഇലോണിന്റെ സബ്‌സിഡികളും കരാറുകളും ഒഴിവാക്കുകയാണ്. ബൈഡൻ അത് ചെയ്യാതിരുന്നതിൽ ഞാൻ ആശ്ചര്യപ്പെട്ടിരുന്നു' എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ പേടകം ഉടൻ സേവനം നിർത്തലാക്കുമെന്ന് വെല്ലുവിളിക്ക് മറുപടിയായി മസ്‌ക് പറഞ്ഞു. നാസയ്ക്ക് നിലവിൽ ബഹിരാകാശ പേടകങ്ങളില്ലാത്തതിനാൽ വിക്ഷേപണങ്ങൾക്കായി അമേരിക്ക ആശ്രയിക്കുന്നത് സ്‌പേസ് എക്‌സിനെയാണ്.
തെരഞ്ഞെടുപ്പ് കാലം മുതൽ റിപ്പബ്ലിക്കൻ പാർടിക്ക് ശക്തമായ പിന്തുണ നൽകിയിരുന്ന മസ്‌ക് ട്രംപിന്റെ വലംകൈയായി വൈറ്റ്‌ഹൗസിൽ ഉപദേഷ്ടാവുമായി പ്രവർത്തിക്കുകയായിരുന്നു. തെറ്റിപ്പിരിഞ്ഞശേഷം ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയും മസ്‌ക് തന്റെ എക്‌സിലൂടെയും പരസ്പരം വിമർശിക്കുകയും പരിഹസിക്കുകയുമാണ്. കൂടാതെ ട്രംപ് തന്റെ ടെസ്‍ല കാർ വിൽക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഭരണനിർവഹണം മെച്ചപ്പെടുത്താനുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് എഫിഷ്യൻസിയുടെ (ഡോജ്) ചുമതല നൽകിയാണ് ട്രംപ് മസ്കിനെ ഒപ്പം നിർത്തിയിരുന്നത്. എന്നാൽ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന പേരിലിറങ്ങിയ ധനവിനിയോഗ ബില്ലിന്റെ പേരിലാണ് ഇരുവരും തമ്മിൽ അകലാൻ തുടങ്ങിയതെന്നാണ് വിവരം. ടെസ്‍ലയുടെ ഓഹരികൾ ഇടിഞ്ഞതിനു പിന്നാലെയാണ് താൻ ഡോജ് വിടുന്നതെന്ന് മസ്ക് പറഞ്ഞെങ്കിലും ഇരുവർക്കുമിടയിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു.
ട്രംപിന്റെ ബില്ലിനെ വെറുപ്പുളവാക്കുന്നത് എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. എക്സ് പോസ്റ്റുകളിലൂടെയാണ് മസ്ക് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിശേഷിപ്പിച്ചത്. ക്ഷമിക്കണം, പക്ഷേ എനിക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല,. ഈ വമ്പിച്ച, അതിരുകടന്ന, ധനവിനിയോഗ ബിൽ വെറുപ്പുളവാക്കുന്നയാണ്. ഇതിന് വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു: നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം - മസ്ക് എക്സിൽ കുറിച്ചു.
അടുത്ത വർഷം നവംബറിൽ, അമേരിക്കൻ ജനതയെ വഞ്ചിച്ച എല്ലാ രാഷ്ട്രീയക്കാരെയും ഞങ്ങൾ പുറത്താക്കുമെന്നും മറ്റൊരു പോസ്റ്റിൽ മസ്ക് പറഞ്ഞു. കഴിഞ്ഞ വർഷം ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 250 മില്യൺ ഡോളറിലധികമാണ് മസ്ക് ചെലവഴിച്ചത്. ഫെഡറൽ ബ്യൂറോക്രസിയെ കാര്യക്ഷമമാക്കുന്നതിനുള്ള ഉന്നതതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനെന്ന പേരിലാണ് ട്രംപ് ഡോജ് രൂപീകരിച്ചത്. ഡോജിന്റെ ഭാഗമായി സർക്കാർ സംവിധാനത്തിൽ വലിയ വെട്ടിച്ചുരുക്കലുകളും കടുത്ത നടപടികളും മസ്ക് സ്വീകരിച്ചിരുന്നു. ട്രംപ് ഭരണകൂടം നേരിയ ഭൂരിപക്ഷത്തിലാണ് ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയത്. ബില്ല് അപര്യാപ്തമാണെന്നും ഡോജിന്റെ പ്രവർത്തനങ്ങൾക്ക് തടയിടുമെന്നുമാണ് മസ്ക് പ്രതികരിച്ചത്. ഭീമമായ ചെലവുണ്ടാക്കുന്ന ബിൽ എന്നാണ് മസ്ക് ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ വിശേഷിപ്പിച്ചത്. "ഒരു ബിൽ വലുതാകാം അല്ലെങ്കിൽ മനോഹരമായിരിക്കാം എന്ന് ഞാൻ കരുതുന്നു, പക്ഷേ അത് രണ്ടും ആകുമോ എന്ന് എനിക്കറിയില്ല" മസ്‌ക് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഡോജ് നേതൃത്വത്തിൽ നിന്നും ഇലോൺ മസ്കിന്റെ പിന്മാറ്റം. ട്രംപിന്റെ നികുതി, കുടിയേറ്റ ബില്ലിനെയും മസ്ക് പരസ്യമായി വിമർശിച്ചിരുന്നു.
എന്നാൽ, വൈദ്യുത വാഹനങ്ങൾക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന വ്യവസ്ഥയാണ് മസ്‌കിന്റെ എതിർപ്പിന് കാരണമെന്നാണ് ട്രംപ് തിരിച്ചടിച്ചത്. ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം തോറ്റുപോയേനെയെന്നും മസ്ക് ആക്ഷേപിച്ചു. ഇതിനു പിന്നാലെ, മസ്‌കുമായുള്ള ബന്ധം നല്ല രീതിയിൽ പോകുമെന്ന് കരുതുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. മസ്ക് ഇല്ലെങ്കിലും താൻ ജയിക്കുമായിരുന്നുവെന്നും മസ്ക് ഭ്രാന്ത് പറയുകയാണെന്നുമാണ് ട്രംപ് പ്രതികരിച്ചത്.









0 comments