ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തി ട്രംപ്

വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25ശതമാനം അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം നേരിട്ടോ അല്ലാതെയോ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനമാകും.
ഉത്തരവ് പുറത്തിറങ്ങി 21 ദിവസത്തിന് ശേഷം തീരുവ പ്രാബല്യത്തിൽ വരും. ഇതിനകം ഗതാഗതത്തിലുള്ള സാധനങ്ങൾ ഒഴികെ, സമയപരിധിക്ക് പുറമെ യുഎസിലേക്ക് പ്രവേശിക്കുന്ന എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകും.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ വീണ്ടും ഉയർത്തുമെന്ന് ട്രംപ് ഭീഷണിയുർത്തിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണി. ഇന്ത്യ നൽകുന്ന ക്രൂഡോയിൽ പണമുപയോഗിച്ചാണ് റഷ്യയുടെ ഉക്രയ്‌ൻ യുദ്ധമെന്നാണ് ട്രംപിന്റെ നിലപാട്. നിലവിലെ 25 ശതമാനത്തിനു പകരം തീരുവ 50 ശതമാനമാക്കിയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
‘ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ല. അവർ അമേരിക്കയുമായി ധാരാളം വ്യാപാരം നടത്തുന്നു. അതിനാൽ 25 ശതമാനം തീരുവ ചുമത്തി. അടുത്ത 24 മണിക്കൂറിനുള്ളിൽ അത് ഗണ്യമായി ഉയർത്താനാണ് തീരുമാനം. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതാണ് കാരണം’–- -ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. ചത്ത സമ്പദ് വ്യവസ്ഥകളാണ് ഇന്ത്യയുടേയും റഷ്യയുടേതുമെന്ന് ട്രംപ് പരിഹസിച്ചിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യയെന്നാണ് ട്രംപിന്റെ ആരോപണം.









0 comments