ചൈനയ്ക്കെതിരെ 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ആശങ്ക യു എസ് വ്യവസായ ലോകത്ത്

India china
വെബ് ഡെസ്ക്

Published on Oct 11, 2025, 11:02 AM | 1 min read

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരായി പുതിയ വ്യാപാര നടപടികൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ 1 മുതൽ എല്ലാ ചൈനീസ് ഇറക്കുമതികൾക്കും 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചു. യുഎസ് നിർമ്മിത നിർണായക സോഫ്റ്റ്‌വെയറുകൾക്ക് കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കി.


അപൂർവ്വ ലോഹങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് ചൈനയെ ആശ്രയിച്ചിരുന്ന അമേരിക്കൻ വ്യവസായ ലോകം ഉയർത്തിയ പ്രതിഷേധം വകവെക്കാതെയാണ് നടപടി. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ്, വ്യാപാരത്തിൽ ബീജിംഗ് അസാധാരണമാംവിധം ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിക്കുകയും അമേരിക്കയും അതേ രീതിയിൽ പ്രതികരിക്കുമെന്ന് പറയുകയും ചെയ്തു.


ചൈനീസ് ഉത്പന്നങ്ങൾക്ക് നിലവിൽ 30 ശതമാനം പ്രതികാര തീരുവയുണ്ട്. ചൈനയുടെ മറുപടി തീരുവ നിലവില്‍ 10 ശതമാനം മാത്രമാണ്. ഈ വർഷം ആദ്യമാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു എസ് താരിഫ് വര്‍ധിപ്പിച്ചത്. ഈ ഘട്ടത്തിൽ തന്നെ ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ അമേരിക്കയിലും പ്രതിസന്ധിയും പ്രതിഷേധവും ഉയർന്നു.


കാറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, മറ്റു പല ഉല്പന്നങ്ങള്‍ എന്നിവയ്ക്കുപയോഗിക്കുന്ന അപൂര്‍വ ലോഹങ്ങളുടെയും മറ്റു ചില പ്രധാന വസ്തുക്കളുടെയും ഉത്പാദനത്തില്‍ ലോകത്ത് ചൈനയ്ക്കാണ് ആധിപത്യം. ഇതിനെ ആശ്രയിക്കുന്ന യുഎസ് കമ്പനികൾ ഇതോടെ വലിയ പ്രതിഷേധത്തിലായി. വാഹനനിര്‍മാതാക്കളായ ഫോര്‍ഡിന് താത്കാലികമായി ഉത്പാദനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നതും വാർത്തായായി.


പുതിയ പ്രഖ്യാപനം നടപ്പിലാക്കിയാൽ, നിലവിലുള്ള താരിഫുകളുടെ സമ്മർദ്ദം നേരിടുന്ന ഉപഭോക്തൃ വസ്തുക്കളായ ഇലക്ട്രോണിക്സ് മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള ഉത്പാദന മേഖലകളെ ബാധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.


ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും കൂടി പറഞ്ഞ് തുടങ്ങിയ ട്രംപ് പിന്നീട് മലക്കം മറിഞ്ഞു. കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും എന്നാല്‍ അത് നടക്കുമോ എന്ന് തനിക്കറിയില്ലെന്നും പിന്നീട് പറഞ്ഞു. ഈ മാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ചർച്ചകൾ ഉണ്ടാവും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ചൈന സ്ഥിരീകരിച്ചിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Home