ബിബിസിക്കെതിരെ നിയമനടപടിയെന്ന് ട്രംപ്

വാഷിങ്‌ടൺ: പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ട്രംപിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയിലെ എഡിറ്റിങ് വിവാദമായ സാഹചര്യത്തിലാണ് നടപടി. ഈ മാസം 14 നകം ഡോക്യുമെന്ററി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കുറഞ്ഞത് 100 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ട്രംപിന്റെ അഭിഭാഷകർ ബിബിസിയെ അറിയിച്ചു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണെസും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ചില തെറ്റുകൾ സംഭവിച്ചെന്നത് വസ്‌തുതയാണെന്നും എന്നാൽ ബിബിസിയുടെ പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്നും നിർഭയമായ പത്രപ്രവർത്തനത്തിനായി നിലകൊള്ളുമെന്നും ബിബിസിയുടെ സ്ഥാനമൊഴിഞ്ഞ ഡയറക്ടർ ജനറൽ ടിം ഡേവി പറഞ്ഞു.
ബിബിസി പനോരമ ഡോക്യുമെന്ററിയിൽ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ് ഡോക്യുമെന്ററിയിൽ 2021ലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങൾ ചേർത്ത് ഒന്നാക്കിയെന്നായിരുന്നു ആരോപണം.









0 comments