ചൈനയ്ക്ക് ഇളവില്ല ; തീരുവ 125 ശതമാനമാക്കി കൂട്ടി
പ്രതികാരച്ചുങ്കം മരവിപ്പിച്ചു ; 90 ദിവസത്തേക്ക് തീരുവ 10 ശതമാനമാക്കി

ബാങ്കോക്ക് : തീരുവയുദ്ധം അമേരിക്കൻ വിപണിക്ക് വൻ തിരിച്ചടിയായതോടെ നിലപാട് മയപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പ്രതികാരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഈ കാലയളവിൽ 10 ശതമാനമാകും തീരുവ. അതേസമയം, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിരുന്ന 104 ശതമാനം തീരുവ 125 ശതമാനമാക്കി ഉയർത്തി. 104 ശതമാനം തീരുവയ്ക്ക് തിരിച്ചടിയായി അമേരിക്കയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ 84 ശതമാനമായി ചൈന ഉയർത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.
അമേരിക്കയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നു. ലോകത്തെതന്നെ ഏറ്റവും വലിയ വിപണിയായ ചൈന തീരുവ ഉയർത്തിയത് അമേരിക്കൻ കയറ്റുമതി കമ്പനികളുടെ അടിത്തറയിളക്കുമെന്ന വിലയിരുത്തലുമുണ്ട്. വിപണിയിൽ വൻ ഇടിവും ഉണ്ടായ സാഹചര്യത്തിലാണ് ട്രംപിന്റെ മനംമാറ്റം. സാമ്പത്തിക, വ്യാപാര നിയന്ത്രണങ്ങൾ തുടരാനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ നിരവധി വഴികൾ മുന്നിലുണ്ടെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്ന അമേരിക്കൻ ഫോട്ടോനിക്‌സ്, സിനെക്‌സസ് തുടങ്ങി 12 കമ്പനികളെ ‘വിശ്വസിക്കാൻ കൊള്ളാത്ത’ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്‌തു.
സമ്മർദ നീക്കങ്ങളോട് അവസാനംവരെയും പോരാടുമെന്നും മന്ത്രാലയം ‘അമേരിക്കയുമായി വ്യാപാരം’ ധവളപത്രത്തിൽ വ്യക്തമാക്കി. ലോകവ്യാപാര സംഘടനയിൽ വീണ്ടും പരാതി നൽകാനും തീരുമാനിച്ചു.
അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണം തുടങ്ങി മറ്റ് തീരുമാനങ്ങളുമുണ്ടായി. ഏതെങ്കിലും തരത്തിലുള്ള ചർച്ചയ്ക്ക് ശ്രമിക്കുന്നതായി ചൈന പറഞ്ഞിട്ടില്ല. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സമത്വത്തിലും പരസ്‌പര ബഹുമാനത്തിലും ഊന്നിയ നയം അമേരിക്ക സ്വീകരിക്കണമെന്ന് ചൈനയുടെ വിദേശ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.
ഇളവിനായി രാജ്യങ്ങൾ വരിനിൽക്കുന്നുവെന്ന് ട്രംപ്
അനുനയ ചർച്ചകൾക്കായി രാജ്യങ്ങൾ വരിനിൽക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യങ്ങൾ ചർച്ചയ്ക്ക് ശ്രമിക്കുന്നെന്ന് അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചാണ് ട്രംപ് പറഞ്ഞത്. ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവടങ്ങളിൽനിന്നുള്ള സംഘങ്ങൾ ഉടൻ എത്തും. അദ്ദേഹം പറഞ്ഞു.
മരുന്നുനിർമാണ മേഖലയിലും കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്ന സൂചനയും ട്രംപ് നൽകി. ഇന്ത്യയെ വലിയ തോതിൽ ബാധിക്കാവുന്ന നീക്കമാണിത്. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും വാഹനഭാഗങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തിയതായി കാനഡ അറിയിച്ചു.
അയൽബന്ധം ശക്തമാക്കും: ഷി
അമേരിക്ക തീരുവയുദ്ധം കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളുമായി ബന്ധം ശക്തമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. നിലവിലുള്ള തർക്കങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കും. സമാനപ്രശ്‌നം നേരിടുന്ന രാജ്യങ്ങളെ ഒറ്റക്കെട്ടായി അണിനിരത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിബന്ധങ്ങൾ തരണംചെയ്യാൻ ഒന്നിച്ച് നിൽക്കണമെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി ഇന്ത്യയോട് അഭ്യർഥിച്ചു. അതിനിടെ, അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 2300 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ചില ഉൽപ്പന്നങ്ങൾക്ക് 15 മുതൽ തീരുവ ഈടാക്കും. മെയ് ഒന്ന്, ഡിസംബർ ഒന്ന് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി കൂടുതൽ ഉൽപ്പന്നങ്ങളെ തീരുവപ്പട്ടികയിൽപ്പെടുത്തും.









0 comments