ഇന്ത്യക്ക് 26 ശതമാനം ചുങ്കം ചുമത്തി , ബ്രിട്ടന് 10 ശതമാനവും യൂറോപ്യൻ യൂണിയന് 20 ശതമാനവും
ട്രംപ് പ്രതികാരച്ചുങ്കം പ്രഖ്യാപിച്ചു ; വ്യാപാരയുദ്ധ ഭീതിയിൽ ലോകം

ന്യൂയോർക്ക് : സഖ്യരാജ്യങ്ങളെയും എതിരാളികളെയും ഒരുപോലെ വെല്ലുവിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികാരച്ചുങ്കം പ്രഖ്യാപിച്ചു. വൈറ്റ്ഹൗസിലെ റോസ്‌ഗാർഡനിൽ സംഘടിപ്പിച്ച "മേക്ക് അമേരിക്ക എഗെയ്ൻ വെൽത്തി’ പരിപാടിയിൽ അമേരിക്കയുടെ "വിമോചനദിനം’ എന്നു വിശേഷിപ്പിച്ച് ട്രംപ് ചുങ്കപ്പട്ടിക പ്രഖ്യാപിച്ചത് ലോകത്ത് വ്യാപരയുദ്ധ ഭീതി വിതച്ചു.
ഇന്ത്യയ്ക്ക് ‘ഡിസ്‌കൗണ്ട്' കഴിച്ച് 26 ശതമാനം ചുങ്കം ഏർപ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനവുമാണ് തീരുവ ഏർപ്പെടുത്തിയത്. ചൈന 34 ശതമാനം, ജപ്പാൻ 24 ശതമാനം. വിദേശനിർമിത വാഹനങ്ങൾക്ക് 25 ശതമാനം തീരുവ അർധരാത്രി മുതൽ നിലവിൽവന്നു. പ്രധാന വ്യാപാര പങ്കാളികളായ കാനഡയെയും മെക്സിക്കോയെയും അമേരിക്കൻ പ്രസിഡന്റ് രൂക്ഷമായി വിമർശിച്ചു. അവരുടെ വ്യാപാര രീതികൾ ന്യായമല്ലല്ലെന്നും തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയ്ക്ക് "സുവർണ്ണകാലം" ആരംഭിക്കുകയാണെന്നും "അഭിവൃദ്ധിക്കുള്ള സമയ’മാണെന്നും ട്രംപ് അവകാശപ്പെട്ടു.
മറ്റ് രാജ്യങ്ങളുടെ "അന്യായ’ വ്യാപാരത്തെ നിയന്ത്രിക്കാൻ പരസ്പരചുങ്കം ഏർപ്പെടുത്തുന്നത് സഹായിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ഈ നീക്കം ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാക്കുമെന്നും വ്യാപാരയുദ്ധത്തിന് വഴിയൊരുക്കുമെന്നും സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ട്രംപ് ആവിഷ്‌കരിച്ച ചുങ്കപ്പട്ടികയുടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. പരസ്പര നികുതി ഏർപ്പെടുത്തുന്ന ‘പ്രതികാര നടപടി’ ഗണ്യമായ വ്യാപാര കമ്മിയുള്ള 10-–-15 രാജ്യങ്ങളിൽ മാത്രമായി ചുരുക്കില്ലെന്നും എല്ലാ രാജ്യങ്ങൾക്കുമെതിരെ ചുങ്കം ഏർപ്പെടുത്തുമെന്നുമുള്ള പ്രഖ്യാപനത്തെ തുടർന്ന് ലോകമാകെ വിപണികൾ അനിശ്ചിതാവസ്ഥയിലായി. അവസാന നിമിഷംവരെ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാതിരിക്കാൻ വൈറ്റ്‌ഹൗസ് ജാഗ്രത പുലർത്തി. സൂചനകളൊന്നും ലഭ്യമാകാത്തതോടെ ഊഹാപോഹങ്ങൾ പരന്നു. ഓഹരിവിപണികളിൽ അനിശ്ചിതാവസ്ഥ പ്രതിഫലിച്ചു.
അമേരിക്കയുടെ സഖ്യരാജ്യങ്ങൾതന്നെ ചുങ്കപ്രഖ്യാപനത്തിൽ കടുത്ത അമർഷത്തിലാണ്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









0 comments