യാത്രാ വിലക്ക് കടുപ്പിക്കാൻ ട്രംപ്; 36 രാജ്യങ്ങളെ കൂടി വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടൺ: 36 രാജ്യങ്ങൾക്ക് കൂടി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മെമോ അവലോകനം ചെയ്ത് വാഷിങ്ടൺ പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്. അമേരിക്കയുടെ അടുത്ത പങ്കാളികളായ ഈജിപ്ത്, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് സൂചന.
ഇത് സംബന്ധിച്ച് അമേരിക്കൻ ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പുവെച്ച മെമ്മോ ശനിയാഴ്ച യുഎസ് നയതന്ത്രജ്ഞർക്ക് അയച്ചു. ലിസ്റ്റുചെയ്ത രാജ്യങ്ങൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ച പുതിയ നിയമങ്ങൾ പാലിക്കാൻ 60 ദിവസത്തെ സമയമുണ്ടെന്ന് മെമോയിൽ പറയുന്നതായി വാഷ്ങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സമയ പരിധിക്ക് ശേഷം വിലക്ക് ഏർപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ആഫ്രിക്കയിലെ 25 രാജ്യങ്ങളാണ് പുതിയ പട്ടികയിലുള്ളത്. അംഗോള, ബെനിൻ, ബുർക്കിന ഫാസോ, കാബോ വെർഡെ, കാമറൂൺ, കോട്ട് ഡി ഐവയർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബൺ, ഗാംബിയ, ഘാന, ലൈബീരിയ, മലാവി, മൗറിറ്റാനിയ, നൈജർ, നൈജീരിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പി, സെനഗൽ, ദക്ഷിണ സുഡാൻ, ടാൻസാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നിവ വിസ പരിധികൾ, യാത്രാ നിരോധനങ്ങൾ അല്ലെങ്കിൽ മറ്റ് നടപടികൾ നേരിടുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നു.
ഏഷ്യൻ രാജ്യങ്ങളായ ഭൂട്ടാൻ, കംബോഡിയ, കിർഗിസ്ഥാൻ, സിറിയ തുടങ്ങിയവയും ആന്റിഗ്വ ബാർബുഡ, ഡൊമിനിക്ക, സെന്റ് കിറ്റ്സ്, നെവിസ്, സെന്റ് ലൂസിയ തുടങ്ങിയ കരീബിയൻ രാജ്യങ്ങളും ഓഷ്യാനിയയിൽ നിന്നുള്ള ടോംഗ, തുവാലു, വാനുവാട്ടു എന്നീ രാജ്യങ്ങളും യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
സാധുവായ തിരിച്ചറിയൽ രേഖകളില്ലാതെ നിരവധി ആളുകൾ ഈ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് എത്തുന്നു എന്നതാണ് അമേരിക്കയുടെ ആരോപണം. യുഎസിൽ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാം രാജ്യ പൗരന്മാരെ സ്വീകരിക്കാൻ അതത് രാജ്യങ്ങൾ തയ്യാറാണെങ്കിൽ മറ്റ് ആശങ്കകൾ ലഘൂകരിക്കുമെന്നും കരടിൽ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി അമേരിക്കയിൽ എത്തുന്നതിനുള്ള വിസാ നിയന്ത്രണങ്ങൾ, യാത്രാ നിരോധനങ്ങൾ മുതലായവയെ കുറിച്ചാണ് കരട് നിയമത്തിൽ പറയുന്നത്.









0 comments