ഫണ്ട് മരവിപ്പിച്ചതിന് പിന്നാലെ ഭീഷണി
ഹാർവാർഡ് സർവ്വകലാശാലയിൽ വിദേശ വിദ്യാർഥികളെ വിലക്കാൻ ട്രംപ്

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയിൽ വിദേശ വിദ്യാർഥികളെ വിലക്കാൻ ട്രംപ് ഭരണകൂടം. വൈറ്റ് ഹൗസ് ലക്ഷ്യം വെക്കുന്ന പുതിയ നയമാറ്റങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനു പിന്നാലെയാണ് ഭീഷണി.
കടുത്ത നിയന്ത്രണങ്ങളാണ് സർവ്വകലാശാലയ്ക്ക് നേരെ തുടരുന്നത്. സ്വതന്ത്ര പദവി ഇല്ലാതാക്കാൻ നേരത്തെ തന്നെ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഹാര്‍വാര്‍ഡിന്റെ നികുതിയിളവ് പദവി പിന്‍വലിക്കുമെന്നായിരുന്നു ട്രംപിന്റെ ആദ്യ ഭീഷണി. പിന്നാലെ 2.2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങ് മരവിപ്പിക്കുകയും ചെയ്തിരുന്നു.
സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിയമ ലംഘനങ്ങളുടെയും വിദ്യാര്‍ഥികളുള്‍പ്പെട്ട അക്രമസംഭവങ്ങളുടെയും വിവരങ്ങള്‍ ഏപ്രില്‍ 30-നകം നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
ഇതിന് തയ്യാറല്ലെങ്കില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കാന്‍ അനുവാദമുണ്ടാകില്ലെന്നും ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി. എന്നാൽ സര്‍വകലാശാല അതിന്റെ സ്വാതന്ത്ര്യമോ ഭരണഘടനാപരമായ അവകാശങ്ങളോ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വ്യക്തമാക്കിയിരുന്നു.
അമേരിക്കയിലെ ഏറ്റവും പാരമ്പര്യമുള്ള സർവ്വകലാശാലയാണ് ഹാർവാർഡ്. കഴിഞ്ഞ വർഷം 27 ശതമാനം വരെ വിദേശ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചു.
"ഹാർവാർഡിനെ ഇനി ഒരു മാന്യമായ പഠന സ്ഥലമായി പോലും കണക്കാക്കാൻ കഴിയില്ല, ലോകത്തിലെ മികച്ച സർവകലാശാലകളുടെയോ കോളേജുകളുടെയോ പട്ടികയിലും ഇതിനെ പരിഗണിക്കരുത്,"
"ഹാർവാർഡ് ഒരു തമാശയാണ്, വെറുപ്പും മണ്ടത്തരവും പഠിപ്പിക്കുന്നു, ഇനി ഫെഡറൽ ഫണ്ടുകൾ സ്വീകരിക്കരുത്." - ട്രംപ് ബുധനാഴ്ച തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.
കൊളംബിയ സർവ്വകലാശായ്ക്ക് എതിരെയും ട്രംപ് നീക്കം നടത്തിയിരുന്നു. കാമ്പസിലെ ആന്റി സെമിറ്റിസത്തിനെതിരെ പോരാടുന്നതിൽ സർവകലാശാല പരാജയപ്പെട്ടുവെന്നാരോപിച്ച് 400 മില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗ് പിൻവലിച്ചു. ഇതോടെ പ്രതിസന്ധിയിലായ കൊളംബിയ സർവ്വകലാശാല മാർച്ചിൽ ഭരണകൂടത്തിന്റെ നിരവധി ആവശ്യങ്ങൾ അംഗീകരിച്ചു.
മിഡിൽ ഈസ്റ്റേൺ, സൗത്ത് ഏഷ്യൻ, ആഫ്രിക്കൻ പഠന വകുപ്പിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നത് ഉൾപ്പെടെയായിരുന്നു ഉപാധികൾ. ഹാർവാർഡും സമാനമായ ഉത്തരവുകൾ ചിലത് അംഗീകരിക്കേണ്ടി വന്നിരുന്നു. ഇസ്രായേലി കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് വിമർശിക്കപ്പെട്ട മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ് പഠന വകുപ്പ് തലവരായുള്ളവരെ കഴിഞ്ഞ മാസം അവർ പിരിച്ചുവിട്ടു.









0 comments