ഹാർവഡുമായുള്ള എല്ലാ കരാറുകളും യുഎസ്‌ റദ്ദാക്കുന്നു

DONALD TRUMP
വെബ് ഡെസ്ക്

Published on May 28, 2025, 09:55 AM | 1 min read

വാഷിങ്‌ടൺ: ഹാർവഡ് സർവകലാശാലയുമായി ശേഷിക്കുന്ന എല്ലാ ഫെഡറൽ കരാറുകളും റദ്ദാക്കാനൊരുങ്ങി ട്രംപ് സർക്കാർ. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ഏകദേശം 10 കോടി ഡോളറിന്റെ കരാറാണ്‌ റദ്ദാക്കുന്നത്‌. ഭാവി സേവനങ്ങൾക്കായി "ബദൽ സംവിധാനം കണ്ടെത്താൻ’ ഫെഡറൽ ഏജൻസികൾക്ക് അയച്ച കത്തിൽ നിർദ്ദേശിക്കുന്നു.


അഭിമാനകരമായ സ്ഥാപനവുമായുള്ള അമേരിക്കൻ സർക്കാരിന്റെ ദീർഘകാല ബന്ധം ഡോണൾഡ്‌ ട്രംപ്‌ പൂർണമായി വിച്ഛേദിക്കുകയാണെന്ന്‌ ന്യൂയോർക്ക് ടൈംസ്‌ റിപ്പോർട്ടിൽ പറഞ്ഞു. ഹാർവഡിനുള്ള 320 കോടി ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും നേരത്തെ മരവിപ്പിക്കുകയും വിദേശ വിദ്യാർഥികളുടെ പ്രവേശനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.


അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും സമ്പന്നവുമായ സർവകലാശാല ലിബറലിസത്തിന്റെയും ജൂതവിരുദ്ധതയുടെയും കേന്ദ്രമാണെന്ന് ആരോപിച്ചാണ്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാരനടപടി. സർവകലാശാലയുടെ നേതൃത്വം, ഭരണം, പ്രവേശന നയങ്ങൾ എന്നിവയിൽ മാറ്റംവരുത്താനുള്ള നീക്കത്തിനെതിരെ ഏപ്രിൽ 21ന് ഹാർവഡ് കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നലെയാണ്‌ ഫെഡറൽ ഫണ്ട്‌ വെട്ടിക്കുറച്ചത്‌. സർവകലാശാലയുടെ നികുതിസൗജന്യം എടുത്തുകളയുമെന്ന്‌ ട്രംപ്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home