മ്യാൻമറിൽ വീണ്ടും ഭൂകമ്പമുണ്ടാകും: ടിക് ടോക് വഴി പ്രവചനം നടത്തിയയാൾ അറസ്റ്റിൽ

നെയ്പിഡോ : സമൂഹ മാധ്യമം വഴി ആശങ്കയുളവാക്കുന്ന പ്രവചനങ്ങൾ നടത്തിയ ജ്യോത്സ്യനെ മ്യാൻമറിൽ അറസ്റ്റ് ചെയ്തു. മ്യാൻമറിൽ വീണ്ടും ഭൂകമ്പമുണ്ടാകുമെന്ന് പ്രവചനം നടത്തിയ ജോൺ മോയ് തെ എന്നയാളാണ് അറസ്റ്റിലായത്. ടിക് ടോക് വീഡിയോ വഴിയായിരുന്നു പ്രവചനം. ആളുകളെ ഭയപ്പെടുത്തുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ്. ടിക് ടോക്കിൽ ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെയാണ് നടപടി.
ഏപ്രിൽ 9നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മ്യാൻമറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന് രണ്ടാഴ്ച ശേഷമായിരുന്നു വീണ്ടും ഭൂകമ്പമുണ്ടാകുമെന്ന പ്രവചനം. ഏപ്രിൽ 21ന് മ്യാൻമറിലെ എല്ലാ സിറ്റിയിലും ഭൂകമ്പമുണ്ടാകുമെന്നായിരുന്നു പ്രവചനം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മൂന്ന് മില്യണോളം ആളുകൾ കണ്ട വീഡിയോ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയെന്നും നിരവധി പേർ പ്രവചനം വിശ്വസിച്ച് വീടുകളിൽ നിന്ന് മാറിയെന്നും അധികൃതർ പറഞ്ഞു. ജ്യോതിശാസ്ത്രമനുസരിച്ചാണ് താൻ പ്രവചനങ്ങൾ നടത്തുന്നതെന്നാണ് ഇയാളുടെ വാദം.സെൻട്രൽ മ്യാൻമറിലെ സാഗെയ്ങ്ങിൽ നടന്ന റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.









0 comments