ബന്ദികളുടെ പേര് കൈമാറി ഹമാസ്; ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നെന്ന് ഇസ്രയേൽ

photo credit: x
ടെൽ അവീവ്: മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടതോടെ പതിനഞ്ച് മാസം നീണ്ട ഗാസയിലെ യുദ്ധത്തിന് വിരാമമാകുമെന്നാണ് പ്രതീക്ഷ . വെടിനിർത്തൽ കരാർ നിലവിൽ വന്നെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇന്ന് പ്രാബല്യത്തിൽ വരാനിരിക്കെയും ഗാസയിൽ ഇസ്രയേൽ വീണ്ടും ആക്രമണം തുടർന്നിരുന്നു. ഹമാസ് ബന്ദികളുടെ പട്ടിക കൈമാറാതെ ഗാസയിൽ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് നടന്ന ആക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെടുകയും 25ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെടിനിർത്തലിന്റെ 42 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ 33 ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് വിവരം. പകരം നൂറുകണക്കിന് പലസ്‌തീൻ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. പതിനായിരത്തിലേറെ പലസ്‌തീന്‍കാരെ ഇസ്രയേല്‍ തടവിലാക്കിയിട്ടുണ്ട്. സ്വതന്ത്രരാക്കേണ്ട 737 തടവുകാരുടെ പ്രാഥമിക പട്ടിക ഇസ്രയേൽ നിയമ മന്ത്രാലയം പുറത്തുവിട്ടു.
മുഴുവൻ ബന്ദികളുടെ മോചനവും ഇസ്രയേൽ സേനയുടെ പിന്മാറ്റവും ലക്ഷ്യംവച്ചുള്ള ചർച്ചകൾ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷമുള്ള പതിനാറാം ദിവസം ആരംഭിക്കുമെന്നും ഖത്തര്‍ അറിയിച്ചു. പതിനഞ്ചുമാസത്തെ കടന്നാക്രമണത്തിൽ തരിപ്പണമായ ഗാസയുടെ പുനർനിർമാണവും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം വിട്ടുനൽകലും മൂന്നാംഘട്ടത്തിൽ ഉൾപ്പെടും. 60 പൗരരെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ടെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. 34 പേരുടെ മൃതദേഹങ്ങളും ഹമാസിന്റെ പക്കലാണ്. ആക്രമണത്തിന് പൂർണമായും അറുതിയുണ്ടായാലേ അവസാനത്തെ ബന്ദിയെയും വിട്ടുനൽകൂവെന്നാണ് ഹമാസിന്റെ നിലപാട്.
വെടിനിർത്തൽ കരാർ നിലവിൽ വരാൻ മണിക്കൂറുകൾ ശേഷിക്കുമ്പോഴും ഗാസയില്‍ ഇസ്രായേൽ മിസൈലാക്രമണം തുടരുകയാണ്. ബുധന്‍ രാത്രി കരാർ പ്രഖ്യാപിച്ച ശേഷം 33 കുട്ടികളടക്കം 122 പേരെ ഇസ്രയേല്‍ കൊന്നൊടുക്കി. ഗാസയിൽ 46,899 പേരുടെ മരണത്തിനും 20 ലക്ഷത്തോളം പേരുടെ കുടിയൊഴിക്കലിനും ശേഷമാണ് കൂട്ടക്കുരുതിക്ക് വിരാമമിടാൻ ബെന്യാമിൻ നെതന്യാഹുവിന്റെ ഇസ്രയേൽ സഖ്യ സർക്കാർ തയാറായത്.
0 comments