പരാതിക്കാരിയെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കളിയാക്കി; ബ്രിട്ടിഷ് മന്ത്രിയെ പുറത്താക്കി

ഇംഗ്ലണ്ട് : പരാതിയുമായെത്തിയ സ്ത്രീയെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കളിയാക്കിയതിന് ആരോഗ്യ മന്ത്രിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പുറത്താക്കി. മെസേജുകളിൽ വംശീയ, ജൂതവിരുദ്ധ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ആരോഗ്യ സഹമന്ത്രി ആൻഡ്രൂ ഗ്വിന്നിനെയാണ് പദവിയിൽനിന്നും ലേബർ പാർട്ടിയിൽനിന്നും പുറത്താക്കിയത്.
വാട്സ്ആപ്പിലെ കളിയാക്കൽ ചാറ്റുകൾ ‘ദ് മെയിൽ ഓൺ സൺഡേ’ എന്ന പത്രം വാർത്തയാക്കിയിരുന്നു. ആൻഡ്രൂ ഗ്വിന്നിന്റെ മണ്ഡലത്തിലെ 72 വയസ്സുള്ള വനിത പരാതിയുമായി വന്നപ്പോൾ അവരെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പരാമർശം. അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് അവർ തട്ടിപ്പോയാൽ മതിയായിരുന്നെന്ന് ലേബർ കൗൺസിലർമാരുടെ വാട്സാപ് ഗ്രൂപ്പിലാണ് മന്ത്രി കമന്റിട്ടത്.
ലേബർ എംപിയായ ഡിയാൻ ആബട്ടിനെതിരെ വംശീയ പരാമർശം നടത്തിയെന്നും ഉപപ്രധാനമന്ത്രി ആഞ്ജല റെയ്നർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും പത്രം റിപ്പോർട്ട് ചെയ്തിരുന്നു.









0 comments