തായ്‌ലൻഡ്–കംബോഡിയ സംഘർഷം ; വെടിനിർത്താൻ തീരുമാനം

ക്വലാലംപുർ
അതിർത്തിയിൽ ഏറ്റുമുട്ടുന്ന തായ്‌ലൻഡും കംബോഡിയയും അടിയന്തരവും നിരുപാധികവുമായ വെടിനിർത്തലിന് സമ്മതിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യയിലെ പുത്രജയയിൽ നടന്ന മാധ്യസ്ഥ ചർച്ചയിലാണ് വെടിനിർത്തൽ തീരുമാനം. അൻവർ ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തായ്‌ലൻഡ് ആക്ടിങ് പ്രധാനമന്ത്രി ഫുംതാം വെച്ചയാചൈയും മലേഷ്യയിലെ ചൈനീസ്, യുഎസ് അംബാസഡർമാരും പങ്കെടുത്തു.
നാല് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ ഇരുരാജ്യങ്ങളിലുമായി ഇതുവരെ 35 പേർ കൊല്ലപ്പെട്ടു. 260,000 പേർ ഇരുരാജ്യങ്ങളുടെയും അതിർത്തി മേഖലകളിൽനിന്ന് പലായനം ചെയ്‌തു. സംഘർഷം രൂക്ഷമായതോടെ മലേഷ്യയാണ് മധ്യസ്ഥ ചർച്ചയ്‌ക്ക് മുൻകൈയെടുത്തത്. ഇരുരാജ്യങ്ങളുടെയും തലവൻമാരുമായി ഫോണിൽ സംസാരിച്ചതായി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡും കംബോഡിയയും 800 കിലോമീറ്റർ ദൂരം അതിർത്തി പങ്കിടുന്നുണ്ട്. അതിർത്തിയെചൊല്ലിയുള്ള സംഘർഷങ്ങളാണ് വീണ്ടും ഏറ്റുമുട്ടലിലേക്ക് നയിച്ചത്. കഴിഞ്ഞ മേയിൽ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം മൂർച്ഛിച്ചത്.









0 comments