വേനൽക്കാല ക്യാമ്പിനെത്തിയ പെൺകുട്ടികളെ കാണാതായി

ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം, നിരവധി പേരെ കാണാതായി

texas flash flood
വെബ് ഡെസ്ക്

Published on Jul 05, 2025, 11:10 AM | 1 min read

ടെക്സസ് : അമേരിക്കയിലെ ടെക്സസിൽ നാശം വിതച്ച് മിന്നൽ പ്രളയം. പ്രളയക്കെടുതിയിൽ 24 പേർ മരിച്ചു. 20ലധികം പേരെ കാണാതായെന്നാണ് വിവരം. പ്രദേശത്ത് വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികളടങ്ങിയ സംഘത്തെപ്പറ്റി വിവരമില്ലെന്നും റിപ്പോർട്ടുകളുണ്ട്.


ടെക്സസ് ഹിൽ കൺട്രിയിലാണ് മണിക്കൂറുകൾക്കുള്ളിൽ കനത്ത മഴയുണ്ടായത്. 25 സെന്റിമീറ്ററിലധികം മഴ ഇവിടെ ലഭിച്ചു. മഴയെത്തുടർന്ന് പൊടുന്നനെയാണ് വെള്ളപ്പൊക്കവും പ്രളയ സമാന സാഹചര്യവുമുണ്ടായത്. അധികൃതർക്ക് മുന്നറിയിപ്പ് പുറപ്പെടുവിക്കാൻ കഴിയുന്നതിനു മുമ്പുതന്നെ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതും മരണസംഖ്യ ഉയർത്തി. ബോട്ടിലും ഹെലികോപ്റ്ററിലുമായി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഗ്വാഡലൂപ്പ് നദി ശക്തമായി കരകവിഞ്ഞൊഴുകുകയാണ്.


24 പേർ മരിച്ചതായി കെർ കൗണ്ടി ഷെരീഫ് ലാറി ലീത്ത സ്ഥിരീകരിച്ചു. ഇതുവരെ 237 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 167 പേരെ ഹെലികോപ്റ്ററിലാണ് മാറ്റിയത്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനത്തിന് തടസങ്ങൾ നേരിടുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായും ലാറി ലീത്ത വ്യക്തമാക്കി. മരണമടഞ്ഞവരിൽ കുട്ടികളുമുണ്ട്. ആരെയും തിരിച്ചറി‍ഞ്ഞിട്ടില്ല. വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങിയിട്ടുണ്ട്.


texas flash flood


ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന ക്യാമ്പ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന കുട്ടികളെയാണ് കാണാതായത്. നൂറിലധികം കുട്ടികൾ ക്യാമ്പിലുണ്ടായിരുന്നതായാണ് വിവരം. ക്യാമ്പ് പൂർണമായും തകർന്നെന്ന് ക്യാമ്പിൽ നിന്ന് രക്ഷപെടുത്തിയ വിദ്യാർഥി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.


റിവർ ടൂറിസം വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് ഹണ്ട്. ഇവിടെ നടക്കുന്ന വേനൽക്കാല ക്യാമ്പുകൾ പ്രശസ്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്ന സ്ഥലമാണിതെന്ന് കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ഓഫ് ടെക്സസ് ഹിൽ കൺട്രി സിഇഒ ഓസ്റ്റിൻ ഡിക്സൺ പറഞ്ഞു. ഹണ്ടിനും ഇൻഗ്രാമിനും ഇടയിൽ ക്യാമ്പുകൾ നടത്താനായി നിരവധി വീടുകളും ക്യാബിനുകളും ഉണ്ട്. ഇത്തരത്തിൽ ക്യാമ്പുകൾ നടത്തിരുന്ന ഇടത്താണ് ​ദുരന്തമുണ്ടായത്. നേർത്ത മണ്ണും കുത്തനെയുള്ള ഭൂപ്രകൃതിയും കാരണം ദുർബലമായ ഈ പ്രദേശം "ഫ്ലാഷ് ഫ്ലഡ് ആലി" എന്നാണ് അറിയപ്പെടുന്നത്. വളരെക്കാലമായി പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശമാണിതെന്നും ഓസ്റ്റിൻ ഡിക്സൺ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home