ചുങ്കം പിൻവലിക്കുന്നില്ലെങ്കിൽ കൃത്യമായ മറുപടി; യുഎസ് ഏകപക്ഷീയമായി തർക്കങ്ങൾ സൃഷ്ടിക്കുന്നു: ചെെന

ബീജിങ്: അമേരിക്ക തങ്ങൾക്കെതിരായി ചുമത്തിയ ചുങ്കം പിൻവലിക്കുന്നില്ലെങ്കിൽ കൃത്യമായ മറുപടി നടപടികൾ സ്വീകരിച്ച് രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ചെെന. ചെെനീസ് വാണിജ്യമന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്. ചെെനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയ്ലി ഓൺലെെനാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയത്.
34 ശതമാനം ഇറക്കുമതി ചുങ്കം ചെെന അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തിയാൽ 50 ശതമാനം ചുങ്കമായിരിക്കും ചെെനീസ് ഇറക്കുമതിക്ക് യുഎസ് ചുമത്തുക എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയായാണ് ചെെന നിലപാട് വ്യക്തമാക്കിയത്.
പകരത്തിന് പകരമായി അമേരിക്ക ചുങ്കം ചുമത്തുന്നത് ഒരടിസ്ഥാനവുമില്ലാതെയാണ്. ഏകപക്ഷീയമായി തർക്കങ്ങൾ സൃഷ്ടിക്കുകയാണ്- ചെെനീസ് വാണിജ്യ വക്താവ് പ്രതികരിച്ചു. പ്രതികരണമെന്ന നിലയിലുള്ള നടപടികൾ നിയമപരമായി തന്നെ തുടരും. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന സാധ്യതകൾ എന്നിവയിലൂടെ സാധാരണ നിലയിൽ തന്നെ അന്താരാഷ്ട്ര വ്യാപാരം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ചുങ്കം വർധിപ്പിക്കുന്ന അമേരിക്കയുടെ നീക്കം അവരുടെ തെറ്റിനെ കൂടുതൽ വലുതാക്കുകയാണ്.സ്വതസിദ്ധമായ ഭീഷണി നിലപാടും തുടരുകയാണെന്ന് ചെെന പറഞ്ഞു. യുഎസ് ഈ നില തുടർന്നാൽ അവസാനം വരെയും പോരാടുമെന്നും ചെെന മുന്നറിയിപ്പ് നൽകി.









0 comments