തായ്‌വാനിലെ ഡീപ്‌സീക്ക് നിരോധനം അമേരിക്കൻ സ്വാധീനമോ?

തായ്‌പേയ്: തായ്‌വാനിലും ചൈനയിൽ വികസിപ്പിച്ചെടുത്ത ഡീപ്‌സീക്ക് നിർമിതബുദ്ധി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന് വിലക്ക്. തായ്‌വാനിലെ സർക്കാർ വകുപ്പുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.
"രാജ്യത്തിന്റെ വിവര സുരക്ഷ ഉറപ്പാക്കാൻ" എല്ലാ സർക്കാർ ഏജൻസികളിലും ഡീപ്‌സീക്ക് ഉപയോഗിക്കുന്നതിൽ നിന്ന് നിരോധനം ഏർപ്പെടുത്തിയതായി തായ്‌വാൻ പ്രീമിയർ ചോ ജങ്-തായ് കാബിനറ്റ് മീറ്റിങ്ങിൽ പറഞ്ഞു.
സർക്കാർ വകുപ്പുകൾ ഡീപ്‌സീക്ക് ഉപയോഗിക്കരുതെന്ന് തായ്‌വാനിലെ ഡിജിറ്റൽ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞിരുന്നുവെങ്കിലും അത് നിരോധിച്ചതായി പ്രത്യേകം പറഞ്ഞിട്ടില്ല. യുഎസ് കോൺഗ്രസിലെ ജീവനക്കാർ ഡീപ്‌സീക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. എഐ സങ്കേതികവിദ്യയുടെ അതിവേഗവളർച്ച സുരക്ഷാവെല്ലുവിളി ഉയർത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോൺഗ്രസ് ജീവനക്കാർക്ക് നൽകിയിട്ടുള്ള എല്ലാ ഡിജിറ്റൽ ഉപകരണങ്ങളിലും ഡീപ്‌സീക്കിന്റെ പ്രവർത്തനം വിലക്കിയിട്ടുണ്ട്.
ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്-സീക് അവതരിപ്പിച്ച ചെലവ് കുറഞ്ഞ നിർമിതബുദ്ധി (എഐ) അമേരിക്കൻ ഓഹരിവിപണിക്ക് കനത്ത ആഘാതമേൽപ്പിച്ചിരുന്നു. യുഎസ് ടെക് ഓഹരികൾ കനത്ത തകർച്ചയാണ് നേരിട്ടത്. ചൈനയിലെ ഹാങ്‌ഷു ആസ്ഥാനമായുള്ള ഡീപ്-സീക്കിന്റെ ആർ1 എന്ന പുതിയ മോഡൽ എഐ ആപ് യുഎസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പുർ തുടങ്ങിയ പലരാജ്യങ്ങളിലും ആപ്പിൾ ആപ് സ്റ്റോറിൽ ജനപ്രിയ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ മറികടന്നതാണ് പാശ്ചാത്യവിപണിയെ പിടിച്ചുലച്ചത്.
എഐ സാങ്കേതികവിദ്യയിൽ മൈക്രോസോഫ്റ്റ്, മെറ്റാ, ഓപ്പൺ എഐ തുടങ്ങിയ അമേരിക്കൻ എഐ ഭീമന്മാർ ചെലവഴിക്കുന്നതിന്റെ ചെറിയൊരു ശതമാനംമാത്രം ഉപയോഗിച്ചാണ് ചൈനീസ് കമ്പനി ഓപ്പൺ സോഴ്സിൽ ഡീപ്-സീക് വികസിപ്പിച്ചിരിക്കുന്നത്.
0 comments